കൊച്ചി:  നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് കുമാര്‍ (25) ആണ് കൊല്ലപ്പെട്ടത്.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശി സുരേഷ് ആണ് കൃത്യം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് അജയ്. ഈ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ. യുവതിയെ കാണാനാണ് അജയ് എറണാകുളത്തെത്തി ഹോട്ടലില്‍ മുറിയെടുത്തത്.

ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്ന സുരേഷും കൊച്ചിയില്‍ എത്തുകയായിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ സുരേഷ് വിളിപ്പിച്ചിരുന്നു.

രാത്രി യുവതിയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പോയി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് സുരേഷ് തലയ്ക്കടിക്കുകയായിരുന്നു. രക്ഷപ്പെടാനായി അജയ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണ് മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here