തിരുവനന്തപുരം: വയനാട്ടിൽ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ വണ്ടികയറി.ഒടുവില്‍ 16 കാരനെ ഓഫീസില്‍ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശി ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി ദേവാനന്ദനാണ് കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരംതേടിമുഖ്യമന്ത്രിയെകാണാനെത്തിയത്.

ശനിയാഴ്ച രാവിലെ വടകരയില്‍ നിന്ന് ഏറനാട് എക്‌സ്പ്രസില്‍ കയറിയ കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദന്‍ രാത്രി ഒമ്പതോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ എത്തി.

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണമെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പൊലീസുകാര്‍ വിദ്യാര്‍ത്ഥിയെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നല്‍കിയ പൊലീസ് വിദ്യാര്‍ത്ഥി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു. മകനെ കാണാതെ പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാള്‍ക്ക് പൊലീസിന്റെ സന്ദേശം ആശ്വാസമായി.

രാവിലെ രാജീവന്‍ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാര്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പലിശക്ക് പണം വാങ്ങിയെന്നും അതിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങള്‍ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാര്‍ത്ഥിയെ സ്‌നേഹത്തോടെ ഉപദേശിച്ചു.

ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുതെന്ന് നിര്‍ദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി. ദേവനന്ദന്‍ ഉന്നയിച്ച പരാതിയില്‍ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here