ചെങ്കല്‍ പണകള്‍ നിശ്ചലം: നിര്‍മാണമേഖല സ്തംഭനത്തില്‍

0
166

ഇരിട്ടി: കാലവര്‍ഷത്തോടൊപ്പം മഴക്കെടുതിയും രൂക്ഷമായതോടെ ആയിരക്കണക്കിന് പേര്‍ക്ക് ഉപജീവന മാര്‍ഗമായ ചെങ്കല്‍ മേഖല നിശ്ചലമായി. മേഖലയില്‍ ജോലി ചെയ്തുവരുന്ന നൂറകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതിനകം നാട്ടിലേക്കു മടങ്ങി. മഴക്കാലത്ത് പൊതുവെ ജോലി കുറവായിരിക്കുമെങ്കിലും അത്യാവശ്യ പണികളൊക്കെ ലഭിച്ചിരുന്നുവെന്നും ഇത്തവണ വന്‍ പ്രതിസന്ധിയാണ് ഉണ്ടായതെന്നും തൊഴിലാളികള്‍ പറഞ്ഞു.
മലയോരത്തെ നിരവധി സ്ഥലങ്ങളില്‍ ചെങ്കല്‍ പണകളില്‍ തൊഴിലെടുക്കുന്നവരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പുറമെ നിരവധി നാട്ടുകാരുമുണ്ട്. ലോറി ഡ്രൈവര്‍മാരും കയറ്റിറക്ക് തൊഴിലാളികളുമുണ്ട്. തൊഴില്‍ സ്തംഭിച്ചതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. പലരും ചെങ്കല്ല് കൊണ്ടുപോവാനുള്ള വാഹനങ്ങള്‍ ലോണെടുത്താണ് വാങ്ങിയത്. ഇതിന്റെ തവണകളായുള്ള അടവ് തെറ്റി. മലയോര മേഖലകളില്‍ നിന്നു കോഴിക്കോട്, വയനാട്, വടകര തുടങ്ങിയ സ്ഥലങ്ങളിലാണ് ചെങ്കല്ലുകള്‍ കൊണ്ടുപോവാറുള്ളത്. മഴയ്ക്ക് അല്‍പ്പം കുറവുണ്ടെങ്കിലും ചെങ്കല്‍ ഖനനം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇനി ചെങ്കല്‍ ഖനനം ആരംഭിച്ചാല്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയെത്തി സജീവമാകണമെങ്കി ല്‍ ഇനിയും മാസങ്ങളെടുക്കും. പല ചെങ്കല്‍ ക്വാറികളും വെള്ളം കയറിയ നിലയിലാണ്. പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ചെങ്കല്‍ ഖനനം ആരംഭിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here