ചിരിയിലൂടെ ചിന്തിപ്പിച്ച രാംദാസ് വൈദ്യര്‍ വിടവാങ്ങിയിട്ട് 20 വര്‍ഷം

0
142

കോഴിക്കോട്: ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് സമൂഹത്തെ ആഴത്തില്‍ ചിന്തിപ്പിച്ച രാംദാസ് വൈദ്യരെ കോഴിക്കോട് നഗരം അനുസ്മരിച്ചു. അദ്ദേഹം വിട പറഞ്ഞിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. ഗൗരവമേറിയ വിഷയങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അലിയിച്ചില്ലാതാക്കാന്‍ കഴിയുന്ന അപൂര്‍വ്വ പ്രതിഭാസമായിരുന്നു രാംദാസ് വൈദ്യരെന്നു അനുസ്മരണ പ്രഭാഷണം നടത്തിയ വി.കെ.ശ്രീരാമന്‍ പറഞ്ഞു സാമൂഹിക വിമര്‍ശനത്തിനാണ് ചിരിയുടെ ഈ വൈദ്യര്‍ ആക്ഷേപഹാസ്യത്തെ കൂട്ടുപിടിച്ചത്. ചിരിപ്പിക്കുക എന്നതു മാത്രമായിരുന്നില്ല, മറിച്ച് ചിരിയിലൂടെ ചിന്തിപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. അത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങള്‍ ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു കണ്ടെടുക്കാനാവുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ടിവി ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഇദ്ദേഹം വളരെ ശോഭിച്ച ഒരു മേഖലയായിരുന്നു ആക്ഷേപ ഹാസ്യം. പണം നല്‍കിയും സ്വാധീനിച്ചും ആളുകള്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടി അതു പ്രദര്‍ശിപ്പിക്കുന്നതു കണ്ട വൈദ്യര്‍ ഒരിക്കല്‍ അലക്കുകല്ലിനെ ആദരിക്കാന്‍ തീരുമാനിച്ചു.
പകല്‍ മുഴുവന്‍ മുഷിഞ്ഞ വസ്ത്രത്തിന്റെ അടിയും രാത്രിമുഴുവന്‍ രാഷ്ട്രീയക്കാരുടെ പ്രസംഗവും കേള്‍ക്കേണ്ട ഗതികേടിലായ മുതലക്കുളം മൈതാനിയിലെ അലക്കുകല്ലുകളെയാണ് വൈദ്യര്‍ പൊന്നാട ചാര്‍ത്തി ആദരിച്ചത്. ലോകമാദ്ധ്യമങ്ങളെ കോഴിക്കോട്ടെത്തിച്ച വൈദ്യരുടെ മറ്റൊരു പരിപാടിയായിരുന്ന വിരൂപ റാണി മത്സരം. പലവിധ മാനദണ്ഡങ്ങള്‍ പ്രകാരം സൗന്ദര്യറാണിയെ തിരഞ്ഞെടുക്കുന്നത് കണ്ട് സഹിക്കാതെയാണ് വൈദ്യര്‍ ഈ പരിപാടി സംഘടിപ്പിച്ചത്. റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മാദ്ധ്യമപ്പടതന്നെ എത്തി. മേയര്‍തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യുവി ജോസ് മുഖ്യാതിഥിയായി. പിവി ഗംഗാധരന്‍, എ.സജീവന്‍, കെ.പ്രേംനാഥ്, ഡോ.കെഎം. മന്‍ഷൂര്‍, കമാല്‍ വരദൂര്‍, ചെലവൂര്‍ വേണൂ, സത്യന്‍ തിക്കോടി എന്നിവര്‍ പ്രസംഗിച്ചു. വിനോദ് ശങ്കറിന്റെ സിത്താര്‍ വാദനവും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here