നെന്മാറയില്‍ എ.ടി.എം. തകര്‍ത്ത് കവര്‍ച്ചാ ശ്രമം

0
3
അടിപ്പരണ്ടയിലെ തകര്‍ക്കാന്‍ ശ്രമിച്ച എ.ടി.എം.

നെന്മാറ: അടിപ്പരണ്ടയിലെ കനറാ ബാങ്ക് എ.ടി.എം. തകര്‍ത്ത കവര്‍ച്ചാ ശ്രമം. അടിപ്പെരണ്ട കവലയ്ക്ക് സമീപമുള്ള കെട്ടിടത്തിലെ എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.50 നാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടുപേരാണ് എ.ടി.എം. തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്ന് സി.സി. ടി.വി.ദൃശ്യങ്ങളില്‍ കണ്ടെത്തി. നീലക്കള്ളി നിറത്തിലുള്ള മുണ്ടും ചുവന്ന ഷര്‍ട്ടും ധരിച്ച് മുഖം മറച്ച നിലയിലാണ് മോഷ്ടാക്കള്‍ എത്തിയത്. കല്ലുപയോഗിച്ച് എ.ടി.എമ്മിന്റെ അടിവശത്ത് തകര്‍ത്തശേഷം ഇരുമ്പു കത്തിയുപയോഗിച്ച് മെഷ്യന്റെ മുന്‍ വാതിലും പൊളിച്ചു. 2.15 വരെ ശ്രമം നടത്തിയെങ്കിലും പണം സൂക്ഷിച്ചിട്ടുള്ള പെട്ടി പൊളിക്കാന്‍ കഴിയാതെ വന്നതിനാല്‍ മോഷ്ടാക്കള്‍ പിന്തിരിയുകയായിരുന്നു. മോഷണ ശ്രമത്തില്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഒരാള്‍ എ.ടി.എം തകര്‍ക്കുന്ന സമയം മറ്റൊരാള്‍ എ.ടി.എമ്മിന് പുറത്ത് നിരീക്ഷണം നടത്തുന്ന നിലയിലാണ് സി.സി.ടി.വി.ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ അനുസരിച്ച് പ്രദേശവാസികളാവാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പോലീസ്.

നൈറ്റ് വിഷന്‍ ക്യാമറയല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ കൂടുതല്‍ ചിത്രം ലഭിക്കുന്നതിനായി സമീപത്തുള്ള സ്ഥാപനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് നെന്മാറ എസ്.ഐ., എന്‍.എസ്.രാജീവന്‍ പറഞ്ഞു.കവര്‍ച്ച ശ്രമം നടന്ന സ്ഥലത്ത് പാലക്കാട് നിന്നുള്ള ഡോഗ് സ്‌ക്വാഡും, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here