കെ.സുരേന്ദ്രനെ കോഴിക്കോട്ടേക്കു കൊണ്ടുപോയി; നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും

0
7

പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ നടന്ന പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ നാളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഇന്ന് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൊവ്വാഴ്ച വീണ്ടും സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതി പരിഗണിക്കും.

കണ്ണൂരിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയം വീരബലിദാനികളുടെ നാട്ടിലേക്കാണ് താന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പങ്കെടുക്കാത്ത പരിപാടികളുടെ പേരില്‍ പോലും കേസെടുത്തിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മനഃപൂര്‍വം പൊലീസ് കള്ളക്കേസുകള്‍ ചുമത്തുകയാണ്. പല കേസുകളിലും സമന്‍സുകള്‍ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ശബരിമലയില്‍ ആട്ടവിശേഷത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സുരേന്ദ്രന് ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു.

കൊട്ടാരക്കര ജയിലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കുറവായതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം കൈക്കൊള്ളാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here