ഇങ്ക്വിലാബും ശരണമന്ത്രവും

0
355

ഇ. വി. ശ്രീധരന്‍

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് വിപ്ലവം വിജയിക്കട്ടെ എന്ന് അര്‍ത്ഥം. ഇങ്ക്വിലാബ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പദമാണ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഏറ്റുവിളിച്ച് ജാഥകളിലൂടെ നീങ്ങിയ പഴയകാല കമ്മ്യൂണിസ്റ്റുകാരുടെ ചോര ചൂടാകുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാരംഭ ദശയില്‍ ഇന്ത്യയിലാകെ കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ക്വിലാബിന്റെ മക്കളായിരുന്നു. ജാഥകളില്‍ മാത്രമല്ല, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് സാഹിത്യത്തിലും കവിതയിലും വിപ്ലവഗാനങ്ങളിലും നിറഞ്ഞുനിന്ന ഒരു പദമായിരുന്നു ഇങ്ക്വിലാബ്. കെ. എ. അബ്ബാസ് ‘ഇങ്ക്വിലാബ്’ എന്ന പേരില്‍ ഒരു നോവലെഴുതിയിട്ടുണ്ട്. ഈ നോവല്‍ സോവിയറ്റ് റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും നന്നായി സ്വീകരിക്കപ്പെട്ടു. കെ. എ. അബ്ബാസ് പിന്നീട് നക്‌സലൈറ്റ് എന്ന ഒരു നോവലും എഴുതിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും, ഹിന്ദി, ഉര്‍ദു ഭാഷകളിലും ഈ രണ്ട് നോവലുകളും ബെസ്റ്റ് സെല്ലറായിരുന്നു. കമ്മ്യൂണിസ്റ്റ് അന്തരീക്ഷത്തില്‍ ഇങ്ക്വിലാബ് നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു.

ഇന്ന് ഇങ്ക്വിലാബ് എന്ന പദത്തിന് മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. ഇങ്ക്വിലാബിനകത്ത് ഒളിഞ്ഞിരുന്ന വീരശൂരത്വത്തിന്റെ എരിവും പുളിപ്പും ഉപ്പുരസവുമൊക്കെ അലിഞ്ഞലിഞ്ഞു വാര്‍ന്നു പോയി. ചന്ദ്രക്കലമാനോ പാടത്തെ പൈങ്കിളിയോ ചന്ദ്രികയിലലിയുന്ന പുഞ്ചിരിയോ മഴവില്‍പ്പാവാട ചുറ്റിയ പാല്‍ക്കാരിയോ ആയി മാറിപ്പോയിരിക്കുന്നു ഇന്ന് ഇങ്ക്വിലാബ്. ഇങ്ക്വിലാബ് മാത്രമല്ല, ഏതാണ്ടെല്ലാ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപദങ്ങളും വാടി ഉണങ്ങിക്കൊണ്ടിരിക്കുകയാണ്. വര്‍ഗസമരം, തൊഴിലാളി വര്‍ഗ വിപ്ലവം, റിവിഷനിസം, സെക്ടേരിയനിസം, ബൂര്‍ഷ്വ, പെറ്റി ബൂര്‍ഷ്വ, സോഷ്യലിസ്റ്റ് റിയലിസം മുതലായ കമ്മ്യൂണിസ്റ്റ് പദങ്ങളെല്ലാം ഇങ്ക്വിലാബിന്റെ വിധി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന കാവ്യഭാവന പോലെയായിത്തീര്‍ന്നിരിക്കുന്നു മിക്ക കമ്മ്യൂണിസ്റ്റ് പദങ്ങളുടേയും വര്‍ത്തമാനകാല ഭാവങ്ങള്‍.

വിപ്ലവം വിജയിപ്പിക്കലാണ് എല്ലാതരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ലക്ഷ്യം. ഇന്നാണെങ്കില്‍ വിപ്ലവത്തിന്റെ ഭാവരൂപങ്ങള്‍ ഒരുപാടങ്ങ് മാറിപ്പോയി. കമ്മ്യൂണിസ്റ്റ് വിപ്ലവമെന്നാല്‍ പൊതുവേ സായുധവിപ്ലവമാണ്. പട്ടാളത്തെ കൂടെ നിര്‍ത്തി അധികാരം പിടിച്ചെടുക്കലും വിപ്ലവം തന്നെ. ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളിലും നടന്ന വിപ്ലവങ്ങള്‍ പട്ടാളത്തിന്റെ സഹായത്തോടെയുള്ള അട്ടിമറികളാണ്.

ഇത്തരം വിപ്ലവങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ന്യായപ്രകാരം സാധ്യതകള്‍ ഇന്ന് ഏറെ കുറഞ്ഞിരിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഗറില്ലാ വിപ്ലവങ്ങളിലാണ് കമ്മ്യൂണിസ്റ്റുകാരിപ്പോള്‍ തങ്ങളുടെ വിപ്ലവസ്വപ്‌നങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ ഗറില്ല വിപ്ലവങ്ങളുടെ വേരുകളാവട്ടെ മാര്‍ക്‌സിസത്തില്‍ ആഴ്ന്നുകിടക്കുന്നതൊന്നുമല്ല. കമ്മ്യൂണിസത്തില്‍ നിന്നാകട്ടെ വിപ്ലവത്തിന്റെ സൂര്യന്മാരൊക്കെ അസ്തമയ ഭാഗ്യം തേടിക്കൊണ്ടിരിക്കുകയാണ്. ഇങ്ക്വിലാബിനെ കയ്യൊഴിഞ്ഞ ഒരു ജനാധിപത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ന് കേരളത്തിലുള്ളത്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരം പിടിച്ചെടുക്കുമ്പോള്‍ കേരളത്തില്‍ ഇങ്ക്വിലാബ് വിജയിക്കുന്നു. ഇങ്ക്വിലാബ് മാത്രമല്ല ശരണംവിളിയും (ദൈവവും) വിജയിക്കുന്നു. നവംബര്‍ 13-ന് സിപി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് നടത്തിയ ‘ചരിത്രപ്രസിദ്ധമായ’ പ്രസംഗത്തില്‍ നിന്ന് ചില വരികള്‍ ഇവിടെ വിനയാദരപുരസരം ഉദ്ധരിച്ചുകൊള്ളട്ടെ: ”അമ്പലത്തിലും പള്ളിയിലും പോകുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കാലത്തും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ശരണം വിളിച്ചു വരുന്നവര്‍ ഇങ്ക്വിലാബ് വിളിച്ച് ജാഥയില്‍ പങ്കെടുക്കാറുï്. വിശ്വാസി-അവിശ്വാസി വേര്‍തിരിവല്ല, തൊഴിലാളി വര്‍ഗത്തിനൊപ്പം നില്‍ക്കുന്നവരാണോയെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നോക്കുന്നത്. ഭക്തരില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാരാണ്. വോട്ട് നോക്കിയും സീറ്റ് നോക്കിയും രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപി.എം. ശബരിമല മതനിരപേക്ഷതയുടെ പ്രതീകമാണ്. അവിടെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്……….”
എല്ലാ മതങ്ങളിലും പെട്ട ദൈവവിശ്വാസികള്‍ തന്നെയാണ് താന്‍ നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നതിന്റെ പൊരുളും അകപ്പൊരുളും. ദൈവവിശ്വാസികളാണ് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരള ഭരണത്തില്‍ വാഴിച്ചതെന്നുകൂടി ഇതിനര്‍ത്ഥമുണ്ട്. കോടിയേരി പറയാനാശിച്ചത് നമുക്ക് പറയാം. ദൈവവിശ്വാസികളുണ്ടെങ്കിലേ പാര്‍ട്ടി ശക്തിപ്പെടുകയുള്ളൂ. എന്നാല്‍ ദൈവവും ദൈവവിശ്വാസവും ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ചിന്താവിഷയമല്ല. ചരിത്രാധിഷ്ഠിത ഭൗതികവാദത്തിനുമെന്തു ദൈവം?
പാര്‍ട്ടിക്ക് ദൈവമില്ലെങ്കിലും പാര്‍ട്ടി വിശ്വാസികള്‍ക്ക് ദൈവവിശ്വാസമാവാം. എന്നാല്‍ പൊലീസുകാര്‍ ശബരിമലയില്‍ സ്വകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ അയ്യപ്പനെ സ്വാമി അയ്യപ്പന്‍ എന്ന് അഭിസംബോധന ചെയ്യാന്‍ പാടില്ല. അങ്ങനെ അഭിസംബോധന ചെയ്യുന്നത് പ്രത്യയശാസ്ത്ര വിരുദ്ധമാണ്. ദൈവവിശ്വാസികളായ പൊലീസുകാര്‍ അമ്പരന്നു പോയിരിക്കുന്നു. ശബരിമലയില്‍ സ്വകര്‍മ്മം നിര്‍വഹിക്കാന്‍ പോയ വനിതാ പൊലീസുകാര്‍ തങ്ങളുടെ ജോലിയേയും കാക്കിക്കുപ്പായത്തെയും ജീവിതം എന്ന ധര്‍മ്മസങ്കടത്തിനു മുമ്പില്‍ ശപിച്ചുകൊണ്ടിരിക്കുന്നു.

വാസ്തവത്തില്‍, കേരളത്തിലെ ഇന്നത്തെ പാവപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസം എന്താണെന്നറിഞ്ഞുകൂടാ. കമ്മ്യൂണിസ്റ്റാവാന്‍ കമ്മ്യൂണിസം പഠിക്കേണ്ട ആവശ്യവുമില്ല. ശരണം വിളിച്ചു വരുന്നവര്‍ ഇങ്ക്വിലാബ് വിളിച്ചു ജാഥയില്‍ പങ്കെടുക്കാറുണ്ടെന്ന് കോടിയേരി പറയുന്നു. കോടിയേരിയുടെ പാര്‍ട്ടിയുടെ ജാഥയില്‍ പങ്കെടുക്കുന്ന പാവങ്ങള്‍ക്ക് ഇങ്ക്വിലാബ് എന്താണെന്നും ശരണം എന്താണെന്നും അറിഞ്ഞുകൂടെന്നും അറിയേണ്ട ആവശ്യമില്ലെന്നും കൂടി കോടിയേരി പറഞ്ഞിരുന്നെങ്കില്‍ എത്ര സനാതനസുന്ദരം നമ്മുടെ ഇങ്ക്വിലാബും ശരണവും.

LEAVE A REPLY

Please enter your comment!
Please enter your name here