എടാട്ട് വീണ്ടും വാഹനാപകടം: ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

0
12
എടാട്ട് ദേശീയപാതയില്‍ അപകടത്തില്‍ പെട്ട മിനിലോറി .

പയ്യന്നൂര്‍: ദേശീയ പാതയില്‍ വീണ്ടും വാഹനാപകടം. ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്.
പുലര്‍ച്ചെ നാലുമണിയോടെ എടാട്ട് കണ്ണങ്ങാട്ട് ബസ്സ് സ്റ്റോപ്പിനടുത്താണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ മിനിലോറി ഡ്രൈവര്‍ നീലേശ്വരം കാലിച്ചാനടുക്കം സ്വദേശി രാജുവിന്റെ മകന്‍ കെ.ആര്‍.മനു (30) വിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ മനുവിന്റെ നില അതീവ ഗുരുതരമാണ്.
കോഴിക്കോട് പയ്യോളിയില്‍ ചെങ്കല്ല് ഇറക്കി തിരിച്ചു വരികയായിരുന്ന മിനിലോറിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളെയും കൊണ്ട് ഗോവയില്‍ വിനോദയാത്രക്ക് പോയി തിരിച്ചു വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ലോറിയുടെ കാബിനില്‍ കുടുങ്ങി കിടക്കുകയായിരുന്നു മനു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പയ്യന്നൂര്‍ പൊലീസും ലോറിയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് മനുവിനെ പുറത്തെടുത്തത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ടൂറിസ്റ്റ് ബസ്സിന്റെ മുന്‍ഭാഗവും തകര്‍ന്ന നിലയിലാണ്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് തളിപറമ്പില്‍ നിന്നും മറ്റൊരു ടൂറിസ്റ്റ് ബസ്സ് എത്തിച്ചാണ് വിദ്യാര്‍ത്ഥികളെ നാട്ടിലേക്കയച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here