അക്രമങ്ങള്‍ ആസൂത്രിതമെന്ന് മുഖ്യമന്ത്രി

0
8

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, അതിനൊപ്പം ശബരിമലയെ എങ്ങനെ സംഘര്‍ഷഭരിതമാക്കണം, ഇതിനാണ് സംഘപരിവാര്‍ ശമിച്ചത്. ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സംഘര്‍ഷം ഇല്ലാതാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ രണ്ട് വനിതകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനായി ശ്രമിച്ചവരാണ്. പല കാരണങ്ങളാല്‍ ആ ഘട്ടത്തില്‍ ദര്‍ശനം കഴിയാതെ വന്നപ്പോള്‍ താല്‍ക്കാലികമായി മടങ്ങിപ്പോയി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും വന്നത്. ശബരിമല ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥപ്പെട്ട പോലീസ് അവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുകയും ചെയ്തു. അവര്‍ ഹെലികോപ്റ്ററില്‍ ശബരിമലയില്‍ പോവുകയല്ല ചെയ്തത്. സാധാരണ എല്ലാ ഭക്തരും പോകുന്ന വഴി ശബരിമലയില്‍ എത്തുകയാണ് ചെയ്തത്. ശബരിമലയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ ഒന്നും ലഭിച്ചില്ല. മറ്റ് ഭക്തര്‍ക്കൊപ്പം ദര്‍ശനം നടത്തുകയാണ് ചെയ്തത്. എല്ലാ ഭക്തരും അയ്യപ്പ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പരസ്പരം സൗകര്യമൊരുക്കാറുണ്ട്. യുവതികള്‍ സന്നിധാനത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഭക്തരില്‍ നിന്ന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അവിടെയുണ്ടായിരുന്ന ഭക്തര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു തന്നുവെന്ന് സ്ത്രീകള്‍ തന്നെ പറഞ്ഞതാണ്.

അവര്‍ ദര്‍ശനം നടത്തി ഇറങ്ങി കുറേ കഴിഞ്ഞപ്പോഴാണ് ദര്‍ശനം നടത്തിയ വിവരം പുറത്തറിയുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും സംഘര്‍ഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ഇത്തരത്തിലൊരു ദര്‍ശനത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന സ്വാഭാവികമായ പ്രതിഷേധം നമ്മുടെ നാടിനില്ല, അയ്യപ്പ ഭക്തര്‍ക്കില്ല..ഇതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. എന്നാല്‍ സംഘര്‍ഷം ഉണ്ടാക്കണമന്ന് ആഗ്രഹിക്കുന്നവര്‍ അടങ്ങിയിരിക്കില്ല. ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് ആഗ്രഹിക്കുന്നവര്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിത്തുടങ്ങി. സംഘര്‍ഷങ്ങളുണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശവും ആസൂത്രിത നീക്കവും സംഘപരിവാര്‍ തുടങ്ങി. സ്വാഭാവിക പ്രതിഷേധം എവിടെന്നും ഉയര്‍ന്നുവന്നില്ല, കൃത്യമായ ആസൂത്രണത്തിന്റെ അനന്തരഫലമായിട്ടുള്ള ആക്രമണമാണ് നിലവില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here