ക്രമം തെറ്റിയ പൂക്കാലം; മാമ്പഴം വൈകും

0
128

പാലക്കാട്: മകരം മുതല്‍ കൈനിറയെ കിട്ടിയിരുന്ന മാമ്പഴം ഇത്തവണ ഒന്നും രണ്ടുമായി. മാംഗോ സിറ്റിയായ മുതലമടയിലും മാങ്ങ ഗണ്യമായി കുറഞ്ഞു.ഇഷ്ടംപോലെ മാമ്പഴം ലഭിക്കാന്‍ ഇത്തവണ ഇനിയും കാത്തിരിക്കേണ്ടിവരും. ഇങ്ങനെയൊരു മാറ്റം ഓര്‍മയില്‍ ആദ്യമെന്നു കര്‍ഷകര്‍ പറയുന്നു.പ്രളയവും പേമാരിയും പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റമാണു പതിവുതെറ്റിയുള്ള പൂവിനും തളിരിനും പിന്നിലെന്നാണു കാര്‍ഷിക സര്‍വകലാശാലാ പഠനത്തിലെ സൂചനകള്‍.
സംസ്ഥാനത്തു മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാമ്പഴം കിട്ടുന്ന രീതി ഇക്കുറി മാറി. മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമാണു പാലക്കാട്ടെ മാമ്പഴക്കാലം. പഴുത്ത മാങ്ങകള്‍ക്കുപകരം തൊടിയിലും തോട്ടത്തിലും പൂത്തുലഞ്ഞും തളിര്‍ത്തും നില്‍ക്കുന്ന മാവുകളാണെങ്ങും. ചിലതില്‍ പൂവും തളിരും പാതി മൂപ്പായ മാങ്ങകളുമുണ്ട്. നവംബര്‍–ഡിസംബര്‍, ജനുവരി–ഫെബ്രുവരി മാസങ്ങളിലാണു മാവുകള്‍ പൊതുവേ പൂക്കുന്നത്.ഇതില്‍ ആദ്യഘട്ടത്തിലാണു പാലക്കാട്ട് മാവു പൂക്കുക.എന്നാല്‍ പ്രളയശേഷം അന്തരീക്ഷത്തിലും ജലവിതാനത്തിലുമുണ്ടായ വ്യതിയാനം മാവുകളെ ബാധിച്ചുവെന്നാണു കൃഷി ശാസ്ത്രജ്ഞരുടെ നിഗമനം. മാറ്റത്തെക്കുറിച്ചു കാര്‍ഷിക സര്‍വകലാശാല ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.പി.ഇന്ദിരാദേവിയുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. വിഷയത്തില്‍ വിശദപഠനം വേണമെന്നാണു നിര്‍ദേശം.
പ്രളയമുണ്ടായ സ്ഥലങ്ങളില്‍ ചിലയിടത്ത് ഇത്തവണ മൂന്നുതവണ പൂവിട്ടിട്ടുണ്ട്. പാലക്കാട് മേഖലയില്‍ മുന്‍പില്ലാത്തവിധം ഡിസംബര്‍ അവസാനവും ജനുവരിയിലും 24 മുതല്‍ 25 വരെ ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് അനുഭവപ്പെട്ടു. സാധാരണ ഇതു 16– 20 ആണ്.
വര്‍ധിച്ച തണുപ്പും ജലനിലപ്പിലെ താഴ്ചയും അടക്കമുള്ള ഘടകങ്ങള്‍ മാവിലുണ്ടാക്കിയ സമ്മര്‍ദം ക്രമംതെറ്റലിനു കാരണമായെന്നാണു ഗവേഷക നിരീക്ഷണം.ഫെബ്രുവരിയോടെ പ്രതിദിനം 2200 പെട്ടി മാങ്ങ കയറ്റിയ 10 ലോറികള്‍ ഇവിടെ നിന്നു വിപണിയിലേക്കു പോയിരുന്നുവങ്കില്‍ ഇത്തവണ അതു ശരാശരി രണ്ടു മാത്രമാണ്. ചില ദിവസം 1200 പെട്ടികളുള്ള ലോറികളാണു പോകുന്നത്. കീടാക്രമണം കൂടിയുണ്ടായതോടെ ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞത് മുതലമടയിലെ മാങ്ങ വ്യവസായത്തെ തകര്‍ക്കുന്ന.സ്ഥിതിയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here