ലഹരി മാഫിയയുടെ പിടിയില്‍ ഹൈറേഞ്ച

0
596

വണ്ടന്‍മേട്: പുതിയ രൂപത്തിലുള്ള ലഹരിവസ്തുക്കളും തരാതരംഎത്തിച്ച് ഹൈറേഞ്ചിലെ ലഹരി മാഫിയ. അമര്‍ച്ചചെയ്യുമ്പോള്‍ ലഹരിയുടെ മറ്റൊരു രൂപവുമായി ഇവര്‍ പ്രത്യക്ഷപ്പെടും.
കഞ്ചാവ് മാഫിയകളുടെ പ്രവര്‍ത്തനം അണക്കര മേഖലയില്‍ വീണ്ടും സജീവമാവുകയാണ്. കുട്ടികളും യുവാക്കളും അടക്കം നിരവധിപേരാണ് രാപ്പകല്‍ ഭേദമില്ലാതെ കഞ്ചാവ് ഉപയോഗിക്കുന്നത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം റാക്കറ്റില്‍ പ്രവര്‍ത്തിക്കുന്നു. കഞ്ചാവിനുപുറമെ മദ്യവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്ന യുവാക്കള്‍ ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം ആളുകളുമായി അമിത വേഗതയില്‍ വാഹനമോടിക്കുന്നതും പതിവാണ്.
അണക്കര, അണക്കര ബസ് സ്റ്റാന്‍ഡ് പരിസരം, അമ്പലമേട്, സുല്‍ത്താന്‍കട, പടയപ്പമേട്, ആറാമൈല്‍, ഏഴാംമൈല്‍, മേനോന്‍മേട് മേഖലകളാണ് പ്രധാനമായും ഇവരുടെ വിഹാരകേന്ദ്രങ്ങള്‍.
ലഹരിയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്ന യുവതലമുറ കഞ്ചാവിനും മദ്യത്തിനും പുറമെ അന്താരാഷ്ട്ര വിപണികളില്‍ വന്‍ വിലമതിക്കുന്ന എല്‍എസ്ഡി സ്റ്റാമ്പുകളും ‘ടാബ്’ എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന നിരോധിച്ച വേദനസംഹാരി ഗുളികകളും വ്യാപകമായി ഉപയോഗിക്കുന്നതായാണ് വിവരം. നിരന്തരമായ ഉപയോഗത്തിലൂടെ ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണം അനുദിനം പെരുകുന്നു. വീടുകളില്‍ കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചിരിക്കുന്നു.
ലഹരി ഉപയോഗത്തിനുശേഷം വീടുകളിലും പൊതുനിരത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. മാനസികനില താളംതെറ്റിയ കുട്ടികളടങ്ങുന്ന ഇക്കൂട്ടരുടെ പ്രവൃത്തികള്‍ ഭയത്തോടെയാണ് വീട്ടുകാരും പൊതുജനങ്ങളും നോക്കിക്കാണുന്നത്. ലഹരി ഉപയോഗം ചോദ്യം ചെയ്താല്‍ എന്തുചെയ്യാനും മടിക്കാത്തവരാണിവരെന്ന് നാട്ടുകാര്‍ പറയുന്നു.
ലഹരി മാഫിയകളെ ഭയന്ന് പരാതിയുമായി ആരും മുന്നോട്ടുവരുന്നില്ല. ലഹരി ഉപയോഗത്തിനായി പണം കണ്ടെത്താന്‍ മോഷണവും നടക്കുന്നുണ്ട്.
സുലഭമായി ഇവിടങ്ങളില്‍ ലഹരിമരുന്ന് എത്തിക്കുന്നതിനു പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. പൊലീസിന്റെയും എക്‌സൈസിന്റെയും അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യംശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here