ഒറ്റമുറി ഇരുട്ടില്‍ പാര്‍ക്കാന്‍ ആറ് പേരും ആടും, താറാവും; തങ്കമണിയുടെ ജീവിതം ദയനീയം

0
23

വിജൊ ജോര്‍ജ്ജ്

ഒറ്റമുറി വീട്ടില്‍ കഴിയുന്ന തങ്കമണിയും കുടുംബവും.

അന്തിക്കാട്: കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് അന്തിക്കാട് തങ്കമണിയുടെ വാസസ്ഥലത്ത് ചെന്നാല്‍. പ്രളയത്തില്‍ പെട്ട് ഉണ്ടായിരുന്ന വീട് നഷ്ടപ്പെടുകയും ഇപ്പോള്‍ ചൂടും കൂടി കനത്തതോടെ ഒരു കുഞ്ഞു മുറിയില്‍ ആറ് പേരും, രണ്ടു ആടും, താറാവുകളുമടക്കമാണ് താമസം.
അന്തിക്കാട് ആല്‍ സെന്ററില്‍ നിന്നും അര കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ശിവക്ഷേത്ര നടക്കു സമീപത്തായി കോള്‍ നിലങ്ങള്‍ക്ക് അടുത്തായാണ് ഇവര്‍ താമസിക്കുന്നത്.
ഗൃഹനാഥയായ ചെമ്പകശ്ശേരി വീട്ടില്‍ തങ്കമണിയുടെ ഇളയ മകനും ഭാര്യയും, രണ്ടു പെണ്‍കുട്ടികളും, മകന്റെ ഭാര്യാ മാതാവുമടക്കം 6 പേരാണ് നിസഹായാവസ്ഥയില്‍ ജീവിക്കുന്നത്. പ്രളയത്തില്‍ ആകെയുണ്ടായിരുന്ന ഓല വീട് നശിച്ചു.
പഞ്ചായത്തില്‍ നിന്നും പതിനായിരം രൂപയും, ടെന്റ് അടിക്കാനുള്ള ധനസഹായവും മാത്രമാണിവര്‍ക്ക് ലഭിച്ചത്. അപേക്ഷ നല്‍കിയെങ്കിലും ഇവര്‍ക്കു മാത്രം വീടിനുള്ള തുക അനുവദിച്ചില്ല. അമ്മമാരായ രണ്ടു പേര്‍ക്കും തണ്ടലിന് അസുഖം ഉള്ളവരാണ്. മകന്‍ ഷാജു വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. എന്നാല്‍ നട്ടെല്ലിനും കാലിനും തളര്‍ച്ച അനുഭവപ്പെട്ട് ജോലി നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ പാടത്ത് ഇടക്ക് ട്രാക്ടര്‍ ഓടിച്ചും, നെല്ല് കയറ്റാന്‍ സഹായിക്കുകയും ചെയ്ത് ഇടക്ക് കിട്ടുന്ന ചെറിയ തുകയും, അമ്മ തങ്കമണിക്ക് മാസം കിട്ടുന്ന വിധവ പെന്‍ഷനായ 1100 രൂപയും കൊണ്ടാണ് ഈ ആറംഗ കുടുംബം ജീവിക്കുന്നത്.
ഏഴാം ക്ലാസിലും, ഒമ്പതാം ക്ലാസിലുമായി അന്തിക്കാട് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അപര്‍ണയും, ഐശ്വര്യാ ലക്ഷ്മിയും ഈ ദുരിത കയത്തില്‍ നിന്നാണ് സ്‌കൂളില്‍ പോകുന്നത്. ഷാജു പണിക്കു പോയി കിട്ടിയ കുറച്ചു തുക സ്വരുക്കൂട്ടി ഒരു തറയങ്കിലും പണിയാനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഭക്ഷണം ഇപ്പോള്‍ താമസിക്കുന്ന ടെന്റിനോട് ചേര്‍ന്ന് വേലിയരികിലാണ് പാകം ചെയ്യുന്നത്.
പശുവിനും,ആടിനും, താറാവിനും ഉണ്ടായിരുന്ന കൂടും,തൊഴുത്തും പ്രളയമെടുത്തതോടെ അവയുടെ കാര്യത്തിലും ഇവര്‍ വിഷമത്തിലായി. ചൂട് കനത്തതോടെ അകത്ത് കിടക്കുന്ന ഇവരോടൊപ്പമാണ് ആടും, താറാവും. കെട്ടിയിട്ട ആടുകള്‍ക്ക് ഒപ്പമാണ് ഇവരുടെ ഉറക്കം. ആകെയുള്ള കുഞ്ഞു മുറിയില്‍ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് രണ്ടു വിദ്യാര്‍ത്ഥിനികളടക്കം അഞ്ചു സ്ത്രീകളും ഒരു പുരുഷനും കഴിയുന്നത്. നിരവധി വാതിലുകളില്‍ മുട്ടിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അതേ സമയം തന്റെ പേരിലുള്ള വസ്തുവാണ് ഇതെന്ന് തങ്കമണി ഉറപ്പിച്ചു പറയുമ്പോഴും, ഇവരുടേത് കൂട്ടു സ്വത്താണെന്നും, മറ്റു സഹോദരന്മാര്‍ക്ക് കൂടി ഇതില്‍ അവകാശം ഉള്ളതിനാലാണ് ഒരു പദ്ധതിയിലും പെടുത്തി വീടിനുള്ള സഹായം അനുവദിക്കാന്‍ സാധ്യമാകാത്തതെന്ന് അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here