പതിനായിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി മാണിസാര്‍

0
26

കോട്ടയം: കൊച്ചി മുതല്‍ പാലാ വരെ നീണ്ട വിലാപയാത്രയില്‍, തങ്ങളുടെ പ്രിയപ്പെട്ട മാണി സാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ കിലോമീറ്ററുകള്‍ തോറും കാത്തുനിന്നതു പതിനായിരങ്ങള്‍. ആദരാഞ്ജലി ഏറ്റുവാങ്ങി വിലാപയാത്ര ഇഴഞ്ഞുനീങ്ങിയപ്പോള്‍ മുന്‍നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി.

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനസമിതി ഓഫീസില്‍ എത്തേണ്ടിയിരുന്ന വിലാപയാത്ര അവിടെ എത്തിയപ്പോള്‍ രാത്രി 12:50. കേരളാ കോണ്‍ഗ്രസ് പിറവിയെടുത്ത തിരുനക്കര മൈതാനത്തേക്കായിരുന്നു ആദ്യം. രാവിലെ മുതല്‍ അവിടെ അണികള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

ഇന്നലെ രാവിലെ ഒന്‍പതിനു കൊച്ചിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന വിലാപയാത്ര പത്തേകാലോടെയാണു പുറപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മരണവിവരം പുറത്തുവന്നപ്പോള്‍ മുതല്‍ ലേക്ഷോര്‍ ആശുപത്രിയിലേക്ക് ആരംഭിച്ച ജനപ്രവാഹം ഇന്നലെ രാവിലെയും തുടര്‍ന്നു. രാവിലെ 9.45-നു വീണ്ടും പൊതുദര്‍ശനമാരംഭിച്ചു. കക്ഷിരാഷ്ട്രീയഭേദമന്യേ ഒട്ടേറെ പ്രമുഖനേതാക്കള്‍ ആശുപത്രിയില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. 10 മണി കഴിഞ്ഞതോടെ മൃതദേഹപേടകം പുഷ്പാലംകൃതമായ കെ.യു.ആര്‍.ടി.സി. വോള്‍വോ ബസിലേക്കു മാറ്റി. പത്തേകാലോടെ വിലാപയാത്ര ആരംഭിച്ചു.

കടുത്തചൂട് വകവയ്ക്കാതെ, പ്രിയനേതാവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജനം തിക്കിത്തിരക്കിയപ്പോള്‍, ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് എറണാകുളം ജില്ലയുടെ അതിര്‍ത്തിയായ പൂത്തോട്ട കടന്ന് വിലാപയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. ഇവിടെവരെ ഏകദേശം 25 കിലോമീറ്റര്‍ താണ്ടാന്‍ നാലുമണിക്കൂര്‍ വേണ്ടിവന്നു. കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി എം.പി, എം.എല്‍.എമാര്‍, മുതിര്‍ന്നനേതാക്കള്‍ എന്നിവര്‍ മൃതദേഹപേടകത്തിനൊപ്പം സഞ്ചരിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളും മറ്റൊരു വാഹനത്തില്‍ അനുഗമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും വാഹനവ്യൂഹം അകമ്പടിയായി. കോട്ടയം ജില്ലയില്‍ പ്രവേശിച്ച വിലാപയാത്ര കുലശേഖരമംഗലം, ഉദയനാപുരം വഴി വൈക്കത്ത് എത്തി. അവിടെ ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒരുമണിക്കൂറിലേറെ വാഹനം നിര്‍ത്തിയിട്ടു. തുടര്‍ന്ന്, തലയോലപ്പറമ്പ് വഴി കടുത്തുരുത്തിയിലേക്ക് എത്തുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പാഞ്ചിറയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്ര പാര്‍ട്ടി തട്ടകമായ കടുത്തുരുത്തിയിലെത്തി. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, കെ. രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ കടുത്തുരുത്തിയില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

കുറുപ്പന്തറയിലും ഏറ്റുമാനൂരിലും കാത്തുനിന്ന മുഴുവന്‍പേര്‍ക്കും പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ അവസരം ലഭിച്ചില്ല. കേരളാ കോണ്‍ഗ്രസ് പിറവിയെടുത്ത തിരുനക്കര മൈതാനത്ത് വിലാപയാത്ര എത്തിയപ്പോള്‍ രാത്രി ഏറെ വൈകി. തുടര്‍ന്ന്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനസമിതി ഓഫീസിലേക്ക്. അവിടെനിന്നു മണര്‍കാട്, മരങ്ങാട്ടുപിള്ളി വഴി വിലാപയാത്ര പാലായിലെ വസതിയിലെത്തുമ്പോള്‍ നേരം പുലരാറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here