പാലായുടെ മാണിക്യത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

0
14

കോട്ടയം: പതിനായിരങ്ങളെ സാക്ഷിയാക്കി പാലായുടെ മാണിക്യം മാണിസാറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. ഹൃദയത്തില്‍ ചേര്‍ത്തുവച്ച നാടിനോടും നാട്ടുകാരോടും കുടുംബത്തോടും പ്രസ്ഥാനത്തോടും യാത്ര പറഞ്ഞ കെ.എം മാണി നിത്യവിശ്രമത്തിലേക്ക്. കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്നും വിലാപയാത്രയായി മൂന്നു മണിയോടെയാണ് മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയത്.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്വത്തില്‍ കരിങ്ങോഴക്കല്‍ തറവാട്ടില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും പാര്‍ട്ടിയിലെ അടുത്ത നേതാക്കളും അന്ത്യചുംബനം നല്‍കി. 3.10 ഓടെ പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാര്‍ നിത്യവിശ്രമത്തിനായി കത്തീഡ്രല്‍ പള്ളിയിലേക്ക് പുറപ്പെട്ടു.

മാണിയെ യാത്രയാക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയത്. രാവിലെ 7.15 ഓടെ തറവാട്ടില്‍ എത്തിച്ച ഭൗതികദേഹം അവസാനമായി ഒരുനോക്കു കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നാണ് ആളുകള്‍ ഒഴുകിയെത്തിയത്. പലര്‍ക്കും അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും സമയം ഏറെ വൈകിയതോടെ മൃതദേഹം പള്ളിയിലേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മൃതദേഹം വാഹനത്തിലേക്ക് കയറ്റി. പൊതുദര്‍ശനത്തിനായി ക്യൂവില്‍ നിന്ന പകുതിയിലേറെപ്പേര്‍ക്കും പ്രിയ നേതാവിനെ കാണാനുള്ള അവസരം ഉണ്ടായില്ല. സംസ്‌കാര ശുശ്രൂഷകള്‍ വൈകും എന്നതിനാല്‍ കുടുംബാംഗങ്ങളുടെ അനുമതി പ്രകാരം ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.

പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ നഗരികാണിക്കല്‍ ചടങ്ങായാണ് മൃതദേഹം കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടില്‍ നിന്നും കൊട്ടാരമറ്റത്തും അവിടെ നിന്ന് ടൗണ്‍ഹാള്‍ ചുറ്റി റിവര്‍ വ്യൂ റോഡ് വഴി കത്തീഡ്രല്‍ പള്ളിയിലേക്ക്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനത്തിനൊപ്പം പതിനായിരക്കണക്കിന് ആളുകളാണ് പള്ളിയിലേക്ക് കാല്‍നടയായി നീങ്ങിയത്.

പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കത്തീഡ്രല്‍ പള്ളിയിലെ 126ാം നമ്പര്‍ കല്ലറയിലാണ് കെ.എം മാണിക്ക് നിത്യവിശ്രമം. കരിങ്ങോഴക്കല്‍ കുടുംബത്തിന്റെ കല്ലറയാണിത്.

കര്‍ദിനാള്‍ ക്ലിമിസ് ബാവയുടെ കാര്‍മികത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനപ്രവഹാമാണ് രാവിലെ മുതല്‍ പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്കെത്തിയത്. ചടങ്ങുകള്‍ ആരംഭിക്കുന്ന സമയം ആയപ്പോഴേക്കും വീടിനുള്ളിലേക്കുള്ള ഒഴുക്ക് അനിയന്ത്രിതമായി കൂടുകയായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ പതിനഞ്ചോളം ബിഷപ്പുമാര്‍ക്ക് പോലും മൃതദേഹത്തിന് അടുത്തേക്ക് എത്താന്‍ കഴിയാത്ത വിധത്തിലുള്ള ജനസഞ്ചയമാണ് ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ജനത്തെ നിയന്ത്രിച്ചാണ് സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here