പി.എസ്. ജയരാജ് പോളിങ് ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
ആലുവ: കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽ.പി സ്കൂളിലെ 77 -ാം ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് ബോധ്യമായിട്ടും പ്രിസൈഡിംഗ് ഓഫീസർ ഒതുക്കി തീർക്കാൻ ശ്രമിച്ചതിനെ തുടർന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജ് പോളിംഗ് ബൂത്തിൽ കുത്തിയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ബിനാനിപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
 രാവിലെ 11 മണിയോടെയാണ് 77 -ാം ബൂത്തിലെ വോട്ടറായ അജയ് ജി. കൃഷ്ണയുടെ വോട്ട് 78 -ാം ബൂത്തിലെ വോട്ടറായ എബിൻ വില്യംസ് സേവ്യർ ചെയ്തത്. എബിൻ തന്റെ ഡ്രൈവിംഗ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. തുടർന്ന് വോട്ടേഴ്സ് സ്ളിപ്പിലെ ക്രമനമ്പർ മാത്രമാണ് പോളിംഗ് ഉദ്യോഗസ്ഥൻ വായിച്ചത്. ഈ സമയത്ത് മൂന്ന് മുന്നണികളുടെയും പോളിംഗ് ഏജന്റുമാരുമുണ്ടായിയിരുന്നു. 11.45 ഓടെ അജയ് ജി. കൃഷ്ണ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി അറിയുന്നത്. തർക്കത്തിനൊടുവിൽ നേരത്തെ വോട്ട് ചെയ്യാനെത്തിയയാൾ ഹാജരാകിയ തിരിച്ചറിയൽ രേഖയിൽ നിന്നും എബിൻ വില്യമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമായി.
ബൂത്ത് മാറി വോട്ട് ചെയ്തതാണെന്നാണ് എബിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജിന്റെ ചീഫ് ഏജന്റ് ഷൈജു മനക്കപ്പടി രേഖാമൂലം നടപടിയാവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസർക്കും പ്രിസൈഡിംഗ് ഓഫീസർക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. മാത്രമല്ല, സംഭവം തിരക്കിയെത്തിയ ഷൈജു മനക്കപ്പടിയോട് പ്രിസൈഡിംഗ് ഓഫീസർ പ്രിയ രാജേന്ദ്രൻ മോശമായി പെരുമാറുകയും ചെയ്തു. ഇതേതുടർന്നാണ് സംഭവമറിഞ്ഞെത്തിയ സ്ഥാനാർത്ഥി രണ്ട് മണി മുതൽ പോളിംഗ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്നത്. മാദ്ധ്യമ പ്രവർത്തകരും സ്ഥലത്തെത്തിയതോടെയാണ് പ്രിസൈഡിംഗ് ഓഫീസർ കള്ളവോട്ടിനെതിരെ പരാതി നൽകാൻ തയ്യാറായത്.

പ്രിസൈഡിംഗ്ഓഫീസർക്കെതിരെ നടപടി വേണം ഇലക്ഷൻ കമ്മീഷണർക്ക് പരാതി.

ആലുവ:കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽ.പി സ്കൂളിലെ 77 -ാം ബൂത്തിൽ കള്ളവോട്ടിന് അവസരമൊരുക്കുകയും സംഭവം തിരക്കിയെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജിന്റെ ചീഫ് ഏജന്റ് ഷൈജു മനക്കപ്പടിയോട് മോശമായി പെരുമാറുകയും ചെയ്ത പ്രിസൈഡിംഗ് ഓഫീസർ പ്രിയ രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പരാതി നൽകി. ചീഫ് ഏജന്റിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും മോശമായി പെരുമാറുകയും പരാതി കേൾക്കാൻ വിസമ്മതിക്കുകയും ചെയ്ത പ്രിസൈഡിംഗ് ഓഫീസറുടെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്ന് ഷൈജു നൽകിയ പരാതിയിൽ ചൂണ്ടികാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here