ന്യൂഡൽഹി: കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഭാരത് നെറ്റ് നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. ഈ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്കു പുറമേ ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും പദ്ധതി
വ്യാപിപ്പിക്കും. 19,041 കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കുന്ന തുക.

കർണാടക, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, അസം, മേഘാലയ, മണിപ്പൂർ, മിസോറം, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. ഇവിടങ്ങളിലെ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ 3.61 ലക്ഷം ഗ്രാമങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഓൺലൈൻ വിദ്യാഭ്യാസം, ടെലിമെഡിസിൻ, നൈപുണ്യ വികസനം, ഇ-കൊമേഴ്‌സ്, ബ്രോഡ്ബാൻഡിന്റെ മറ്റ് ആപ്ലിക്കേഷനുകൾ എന്നിവ ഭാരത് നെറ്റിന്റെ വിപുലീകരണത്തോടെ മികച്ച രീതിയിൽ ലഭ്യമാക്കാൻ കഴിയും. വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികൾ നൽകുന്ന ഇ-സേവനങ്ങളും ഗ്രാമങ്ങളിലെത്തും.

ശേഷിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും ഭാരത് നെറ്റ് വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഈ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള രീതികൾ പ്രത്യേകം പരിശീലിപ്പിക്കും. പിപിപി മാതൃകയിലുള്ള പ്രവർത്തനം, പരിപാലനം, വിനിയോഗം, വരുമാനം എന്നിവയിൽ സ്വകാര്യമേഖലയുടെ കാര്യക്ഷമതയും വർധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here