തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. നിലവിൽ എൽഡിഎഫിന്റെ ഏഴ് സിറ്റിംഗ് സീറ്റുകൾ അടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് 15 എൽഡിഎഫ് 11 ബിജെപി രണ്ട് മറ്റുള്ളവർ ഒന്ന് എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

തിരുവനന്തപുരത്ത് പഴയകുന്നുമ്മൽ പഞ്ചായത്തിൽ മഞ്ഞപ്പാറ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ യുഡിഎഫിലെ എം. ജെ. ഷൈജ 45 വോട്ടിന് ജയിച്ചു.

കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവനകോണം വാർഡ് ബിജെപി നിലനിർത്തി. 123 വോട്ടിന് എസ്.ഗീത ഇവിടെ വിജയിച്ചു.

ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് നാലാം വാർഡിൽ എൽഡിഎഫിന് വിജയം. സിപിഎമ്മിന്റെ കെ. പി. സ്മിനീഷ് 65 വോട്ടിനാണ് വിജയിച്ചത്.

എറണാകുളം കീരപ്പാറ പഞ്ചായത്ത് ഭരണം ഇടതിന് നഷ്ടമാകും. ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സാന്റി ജോസ് 41 വോട്ടിന് വിജയിച്ചു.പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരുമുന്നണികൾക്കും ഉണ്ടായിരുന്നത്. ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. അംഗത്തെ തെരഞ്ഞെടുപ്പ്കമ്മീഷൻഅയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പറവൂർ നഗരസഭയിലെ വാണിയക്കാട് ഡിവിഷൻ ബിജെപിയിൽ നിന്നും സിപിഎം പിടിച്ചെടുത്തു. സിപിഎം സ്ഥാനാർഥി നിമിഷ ജിനേഷ് 160 വോട്ടുകൾക്കാണ് വിജയിച്ചത്.

പൂതൃക്ക പഞ്ചായത്ത് പതിനാലാം വാർഡ് യുഡിഎഫിന്റെ മോൻസി പോൾ 135 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നിത്.

ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ. ഷൈന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം അംഗം ഇ.കെ. ഷാബു 253 വോട്ടിന് വിജയിച്ചു.

കഞ്ഞിക്കുഴി പൊന്നെടുത്താൻ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി പി.ബി. ദിനമണി 92 വോട്ടിന് വിജയിച്ചു. കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി.ഡി. പ്രദീപ് കുമാർ 65 വോട്ടിന് വിജയിച്ചു.

മലപ്പുറം നഗരസഭ കൈനോട് വാർഡ് സിപിഎം നിലനിർത്തി. 12 വോട്ടിനാണ് സി. ഷിജു വിജയിച്ചത്.

തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചു. കോൺഗ്രസ് സ്ഥാനാർഥി കെ.എം. ഉദയപാലൻ 110 വോട്ടിന് ഇവിടെ വിജയിച്ചു. സിപിഎം കൗൺസിലർ മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കോഴിക്കോട് തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ് യുഡിഎഫ് നിലനിർത്തി. 383 വോട്ടുകൾക്ക് സി.എ. നൗഷാദ് വിജയിച്ചു. മേലടി ബ്ലോക്ക് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി രവീന്ദ്രൻ 102 വോട്ടുകൾക്ക് വിജയിച്ചു.

കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 276 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി റസീന പൂക്കോട്ടിന്റെ ജയം. മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ എ. ശശിധരൻ 340 വോട്ടുകൾക്ക് വിജയിച്ചു.

പാലക്കാട് പുതൂർ പഞ്ചായത്തിലെ കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി വഞ്ചി കക്കി 32 വോട്ടിന് വിജയിച്ചു.

വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചിത്രമൂല എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർഥി റഷീദ് കമ്മിച്ചാൽ 208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here