പോരുവഴി ബാങ്ക് തട്ടിപ്പ്: മുഖ്യ പ്രതിയായ സെക്രട്ടറി പിടിയില്‍

0
4

ശാസ്താംകോട്ട:പോരുവഴി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ബാങ്ക് സെക്രട്ടറി പിടിയില്‍. പോരുവഴി പരവട്ടം സ്വദേശിയും സിപിഎം നേതാവുമായ രാജേഷാണ് പിടിയിലായത്. മാസങ്ങളായി ഒളിവിലായിരുന്ന ഇയാള്‍ വീട്ടില്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 ഓടെയാണ് ശൂരനാട് എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്.ശൂരനാട് എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു മാസങ്ങള്‍ നീണ്ട അന്വേഷണം.
ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്.കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന ബാങ്കില്‍ സിപിഎം അനുഭാവിയായ രാജേഷായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.നിക്ഷേപമായും ചിട്ടിയായും എത്തിയിരുന്ന പണം രാജേഷ് ഭരണസമിതി പോലും അറിയാതെ അപഹരിക്കുകയായിരുന്നുവത്രേ.
പാര്‍ട്ടി നേതാക്കള്‍ക്കും മറ്റും വായ്പയായി യാതൊരു ഈടുമില്ലാതെ ലക്ഷങ്ങള്‍ അനുവദിച്ചിരുന്നു.ഇടപാടുകാര്‍ക്ക് ബാങ്കില്‍ തുക സ്വീകരിച്ചതായുള്ള രേഖകളും ലഭിച്ചിരുന്നു.എന്നാല്‍ ആറു മാസം മുമ്പ് ഒരു നിക്ഷേപകന്‍ തുക തിരികെ പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.തുടര്‍ന്ന് കൂടുതല്‍പ്പേര്‍ പരാതികളുമായെത്തി.
പിന്നീട് നടത്തിയ പരിശോധനയിലാണ് സെക്രട്ടറി സ്വന്തം നിലയില്‍ നടത്തിയ തട്ടിപ്പ് പുത്തായത്.സംഭവം വിവാദമായതോടെ ഇയ്യാള്‍ മുങ്ങുകയും ഭരണസമിതി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്തു.
പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും പിരിച്ചുവിടപ്പെട്ടു.ബാങ്ക് പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ കുത്സിത നീക്കമായിരുന്നു പിന്നീട് നടന്നത്.
ഇപ്പോള്‍ റിസീവര്‍ ഭരണത്തിലാണ് ബാങ്ക്.എന്നാല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സെക്രട്ടറിയെ സിപിഎം സംരക്ഷിക്കുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു. നിക്ഷേപകര്‍ തുക ആവശ്യപ്പെട്ട് ബാങ്കിനു മുന്നില്‍ സമരം ആരംഭിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് ഇയാള്‍ വലയിലായത്. അതിനിടെ രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്ത് വരികയാണെന്നും ശൂരനാട് എസ് ഐ സുജീഷ് കുമാര്‍ അറിയിച്ചു.രാജേഷിനെ ഇന്നലെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here