മനുഷ്യരാശിയുടെ മനസാക്ഷി-ലിയോ ടോള്‍സ്റ്റോയിയുടെ 108-ാം വിയോഗവാര്‍ഷികം ഇന്ന്

0
336

കാലത്തെ അതിജീവിച്ച മഹത്തരങ്ങളായ ”യുദ്ധവും സമാധാനവും” ”അന്നാകരേനിന” എന്നീ നോവലുകളുടെ രചനയിലൂടെ ലോകപ്രശസ്തനായ റഷ്യന്‍ നോവലിസ്റ്റും തത്വചിന്തകനുമാണ് ലിയോ ടോള്‍സ്റ്റോയ് വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യനായ അദ്ദേഹം മൗലിക സര്‍ഗശക്തിയുള്ള ഒരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല, ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും അതിലേറെ ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു. അസാമാന്യമായ വ്യക്തിത്വം പുലര്‍ത്തിയ ഈ സാഹിത്യകാരന്‍, തന്റെ വിശ്വാസങ്ങളെ അന്ത്യം വരെ മുറുകെപ്പിടിച്ചു. ലോകസാഹിത്യത്തിലെ 14000 ത്തോളം പുസ്തകങ്ങള്‍ വായിച്ച ഇദ്ദേഹത്തെ ഏതെങ്കിലും കൃതിയോ സാഹിത്യകാരനോ പ്രത്യക്ഷത്തില്‍ സ്വാധീനിച്ചിട്ടില്ലെന്ന് പറയാം.
ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ് സാഹിത്യത്തെ സമീപിക്കേണ്ടതെന്ന് ടോള്‍സ്റ്റോയ് വിശീസിച്ചിരുന്നു. ജീവിതമാര്‍ഗ്ഗത്തിനോ ജനപ്രീതിക്കോ വേണ്ടി സാഹിത്യ രചന നടത്താന്‍ പാടില്ലെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. സാഹിത്യം ഒരാത്മീയ പ്രവര്‍ത്തനമാണ്. ആത്മാവിന്റെ നിര്‍ദ്ദേശാനുസരണം സൃഷ്ടിക്കപ്പെടാത്തതോ ജീവിതത്തിന്റെ അര്‍ത്ഥം അനാവരണം ചെയ്യാത്തതോ ആയ കൃതി ഉത്തമമല്ല. അതേ – അദ്ദേഹത്തിന്റെ ഓരോ കൃതിയും ജീവിതത്തെക്കുറിച്ചുള്ള പുതിയൊരറിവിന്റേ പ്രതിഫലനമാണ്. അതുമല്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടലായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ സപര്യ. കഥാപാത്രങ്ങളുടെ ആത്മവിശകലനം ടോള്‍സ്റ്റോയ് കൃതികളുടെ ഒരു പ്രത്യേകതയാണ്.
സാഹിത്യജീവിതം
1850 ലാണ് ടോള്‍സ്റ്റോയ് സാഹിത്യരചന തുടങ്ങിയത്. ശൈശവം (1852) കൗമാരം (1854) യൗവനം (1857) എന്നീ ആത്മകഥാ നോവല്‍ ത്രയത്തിലൂടെയാണ് തുടക്കം. വിവാഹത്തെ തുടര്‍ന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളിലാണ് അദ്ദേഹം യുദ്ധവും സമാധാനവും (1863-69) എന്ന ദേശീയ ഇതിഹാരം എഴുതിയത്. 1812-ല്‍ നെപ്പോളിയനെതിരെ റഷ്യ നടത്തിയ ഐതിഹാസിക യുദ്ധമാണ് നോവലിനാധാരം. റഷ്യയിലെ യുദ്ധസന്നാഹങ്ങളും പടയാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. ചരിത്രഗതിയില്‍ എല്ലാം മുന്‍നിര്‍ണിതമാണെന്നും അതേസമയം സ്വതന്ത്ര മനസ്സുണ്ടെന്ന് കരുതി ജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാന്‍ സാധിക്കുകയെന്നുമാണ് നോവലില്‍ ടോള്‍സ്റ്റോയ് പറയുന്നത്. ജീവിത വര്‍ണ്ണനയ്ക്കാണ് നോവലില്‍ മുഖ്യസ്ഥാനം. 1805 നും 1814 നും ഇടയ്ക്ക് യൂറോപ്പിലുണ്ടായ സംഭവങ്ങളുടെ സമ്പൂര്‍ണ്ണ ചിത്രം ഈ നോവല്‍ നല്‍കുന്നു. 1860 കളിലെ റഷ്യന്‍ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമാണ് രചനയുടെ പ്രചോദനം. ഈ കൃതി ദി റഷ്യന്‍ മെസ്സഞ്ചര്‍ എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ആദ്യം പുറത്തുവന്നത്.
സങ്കീര്‍ണ്ണവും എന്നാല്‍ കെട്ടുറപ്പുള്ളതുമായ ഒരു രചനാ രീതിയാണ് നോവലിനുള്ളത്. കഥയ്ക്ക് അനേകം അവാന്തര വിഭാഗങ്ങളുണ്ട്. സംഭവപരമ്പര, 559 കഥാപാത്രങ്ങള്‍ (അവയില്‍ 200 പേര്‍ ചരിത്ര കഥാപാത്രങ്ങള്‍) 20 യുദ്ധരംഗങ്ങള്‍, അനേകം ജീവിത രംഗങ്ങള്‍, ക്രൂരമായ ആക്രമണങ്ങള്‍, ഉപജാലങ്ങള്‍, ശുദ്ധപ്രണയം, ജനനം മുതല്‍ മരണം വരെയുള്ള എല്ലാം. അനേകം കൃതികളിലായി കൈകാര്യം ചെയ്യാവുന്ന പ്രമേയങ്ങള്‍ക്ക് ഒരു കൃതിയില്‍ – ഒന്നുപോലും ആവര്‍ത്തിക്കാതെ, കഥാപാത്രങ്ങള്‍ക്കു അപൂര്‍വ്വ ചൈതന്യവും വ്യക്തിത്വവും നല്‍കിക്കൊണ്ട് പ്രതിപാദിക്കുന്നു. ഈ നോവല്‍ യുദ്ധത്തിന്റെ മനശാസ്ത്രം മാത്രമല്ല, അതിന്റെ ഒരു ശസ്ത്രക്രിയ കൂടിയാണ്. ലോകസാഹിത്യത്തിലാദ്യമായി ആധുനിക യുദ്ധവര്‍ണ്ണനകളുടെ ഒരു പുതിയ അദ്ധ്യായം – യുദ്ധവും സമാധാനവും ടോള്‍സ്റ്റോയിയെ ലോകപ്രശസ്തനാക്കി. ഇത്തരമൊരു കൃതി ലോകസാഹിത്യത്തില്‍ ഇതിനുമുമ്പുണ്ടായിട്ടില്ല.
സ്‌നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയില്‍ വിവാഹേതര ബന്ധത്തില്‍ തകര്‍ന്ന അന്നയുടെ കഥയാണ് അന്നാ കരേനിന. സന്തുഷ്ട – അസന്തുഷ്ട കുടുംബങ്ങളുടെ താരതമ്യ കഥയാണിത്. ഓരോ അസന്തുഷ്ട കുടുംബവും അസന്തുഷ്ടമായിരിക്കുന്നത് അതിന്റെ പ്രത്യേകവഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തില്‍ തുടങ്ങുന്ന നോവല്‍, കുടുംബ ബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അര്‍ത്ഥത്തിനും സമകാലിക സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും നേരെയും വിരല്‍ ചൂണ്ടുന്നു. തീവണ്ടിയ്ക്കു മുന്നില്‍ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിന അവസാനിക്കുന്നത്. ടോള്‍സ്റ്റോയിയുടെ മനോവിശകലന പാടവത്തിന് ഉത്തമദൃഷ്ടാന്തമായ ഈ നോവലിലൂടെ സാധാരണ വായനക്കാരെയും അദ്ദേഹത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞു.
1870-80 കളില്‍ ടോള്‍സ്റ്റോയിയുടെ ജീവിത വീക്ഷണത്തില്‍ കാതലായ മാറ്റങ്ങളുണ്ടായി. സാഹിത്യ രചന പലവട്ടം ഉപേക്ഷിക്കുകയും വീണ്ടും സ്വീകരിക്കുകയും ചെയ്തു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ അദ്ദേഹം വെറുത്തു. നാട്ടിലെ പട്ടിണിയും ചൂഷണവും മനസ്സിനെ വല്ലാതെ ഉലച്ചു. ആഡംബരം ഉപേക്ഷിച്ചു. സസ്യഭുക്കായി എല്ലാ അര്‍ത്ഥത്തിലും കര്‍ഷകജീവിതം ആരംഭിച്ചു. അക്രമരഹിത പ്രതിരോധമെന്ന ആശയത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. യുദ്ധവും സമാധാനവും എഴുതിയ ആ പഴയ പട്ടാളക്കാരന്‍ അഹിംസാ ആശയത്തില്‍ ആകൃഷ്ടനായി. അതിന്റെ ഫലമാണ്
ദ കിങ്ഡം ഓഫ് ഗോഡ് ഈസ് വിതിന്‍ യു (ദൈവരാജ്യം നമ്മുടെ ഉള്ളിലാണ്) ഈ കൃതി വായിച്ചാണ് മഹാത്മഗാന്ധിയും മാര്‍ട്ടിന്‍ ലൂഥര്‍കിങും അഹിംസാ സിദ്ധാന്തക്കാരായത്.
ടോള്‍സ്റ്റോയിയുടെ മികച്ച കൃതികളില്‍ ദി റിസറക്ഷന്‍ – ഉയിര്‍ത്തെഴുന്നേല്‍പ് (1809) എന്ന വലിയ നോവല്‍ മാത്രമാണ് അതിന് ശേഷം രചിച്ചത്. പിന്നീട് അദ്ദേഹം എഴുതിയത് ചെറുനോവലുകളും നീതികഥകളും നാടകങ്ങളും രാഷ്ട്രീയ സാമൂഹിക ലേഖനങ്ങളുമൊക്കെയാണ്. ഇവാന്‍ ഈലിച്ചിന്റെ മരണം (1886), ക്രൂട്ട്‌സര്‍ സൊനാറ്റ (1890) വാട്ട് ഈസ് ആര്‍ട്ട് (898) എന്നിവയാണ് പ്രധാന കൃതികള്‍. തമ:ശക്തി (1887), അറിവിന്റെ ഫലങ്ങള്‍ (1891), ജീവനുള്ള പ്രേതം, ഹാജിമുറാത് (1896-1904) എന്നീ നാടകങ്ങളും ഇതു നാണക്കേടാണ്, കൊല്ലരുത് (1900), എനിക്ക് മൗനം തുടരാന്‍ കഴിയില്ല (1908), എന്റെ വിശ്വാസം തുടങ്ങിയ ശ്രദ്ധേയമായ ലേഖനങ്ങളും ടോള്‍സ്റ്റോയിയുടേതായിട്ടുണ്ട്. ഒരു മനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന കഥ പ്രസിദ്ധമാണ്.

ജീവിതരേഖ
1828 ഓഗസ്റ്റ് 28-ന് (പുതിയ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 9) റഷ്യയിലെ തുളാ ഡിസ്ട്രിക്ടില്‍പ്പെട്ട യാസ്‌നയ പല്യാനയിലെ ഒരു അഭിജാത കുടുംബത്തില്‍ ജനനം.
പൂര്‍ണ്ണമായ പേര്:: ലേവ് ദിക്കൊളായ് വിച് തള്‍സ്തായ് (റഷ്യന്‍ ഉച്ചാരണത്തില്‍)
പിതാവ്: നിക്കൊളായ് ടോള്‍സ്റ്റോയി മാതാവ്: മറിയ വള്‍ക്കോന്‍സ്‌കയയ
രണ്ടു വയസ്സു തികയും മുന്‍പ് മാതാവും ഒമ്പതാമത്തെ വയസ്സില്‍ പിതാവും മരിച്ചു.
പീറ്റര്‍ ചക്രവര്‍ത്തിയില്‍ നിന്ന് കുടുംബത്തിന് പാരമ്പര്യമായി ലഭിച്ച പ്രഭുകുടുംബത്തിന്റെ പതിവനുസരിച്ച് ആദ്യകാല വിദ്യാഭ്യാസം കുടുംബാധ്യാപകരില്‍ നിന്നു ലഭിച്ചു.
1844-ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി കസാന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു.
കലാശാല വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടാനാവാത്തതിനാല്‍ ബിരുദപഠനം പൂര്‍ത്തിയായില്ല. തുടര്‍ന്ന് സ്വതന്ത്രമായി പല വിജ്ഞാന ശാഖകളിലും അറിവുനേടി. വിദേശഭാഷകള്‍ പലതും പഠിച്ചു. റൂസ്സോ, ഹെഗല്‍ എന്നിവരുടെ തത്വചിന്തകളില്‍ ആകൃഷ്ടനായി. ചെറുപ്പത്തില്‍ കുരിശിന് പകരം റൂസ്സോയുടെ രൂപമാണ് ടോള്‍സ്റ്റോയി കഴുത്തില്‍ തൂക്കി നടന്നത്.
1847-ല്‍ ആരംഭിച്ച ഡയറി എഴുത്ത് ജീവിതാവസ്സാനം വരെ തുടര്‍ന്നു.
1849-ല്‍ യാസ്‌നയ പല്യാനയില്‍ കര്‍ഷകരുടെ കുട്ടികള്‍ക്കായി ഒരു വിദ്യാലയം ആരംഭിച്ചു.
1851-ല്‍ യുദ്ധം നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ പട്ടാള ഓഫീസറായ സഹോദരനോടൊപ്പം കാക്കസസ്സിലെത്തി പട്ടാളത്തില്‍ ചേര്‍ന്നു.
1855-ല്‍ ടോള്‍സ്റ്റോയ് പീറ്റേഴ്‌സ് ബര്‍ഗിലെത്തി സവ്രിമേനിക് ജേര്‍ണലുമായി ബന്ധപ്പെട്ടു.
1859-ല്‍ യാസ്‌നയ പല്യാനയില്‍ വീണ്ടും സ്‌കൂള്‍ ആരംഭിച്ചു.
1857 മുതല്‍ 1860 വരെ ടോള്‍സ്റ്റോയ് യൂറോപ്പു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു.
1862-ല്‍ സോഫ്യ അന്ത്രേവ്‌ന ബെര്‍സിനെ വിവാഹം ചെയ്തു.
സന്തുഷ്ടമായ ദാമ്പത്യജീവിതത്തില്‍ 13 കുട്ടികള്‍ ജനിച്ചു.
1870-80കളില്‍ ടോള്‍സ്റ്റോയിയുടെ ജീവിത വീക്ഷണത്തില്‍ കാതലായ മാറ്റം സംഭവിച്ചു.
1884-ല്‍ എന്റെ വിശ്വാസം (ണവമ േയലഹശല്‌ല) എന്ന വിവാദലേഖനം പുറത്തുവന്നെങ്കിലും അതിന്റെ പ്രതികള്‍ പോലീസ് പിടിച്ചെടുത്തു.
1900-ല്‍ രചിച്ച ഉയിര്‍ത്തെഴുന്നേല്‍പ് എന്ന നോവലിന്റെ പേരിലും ക്രിസ്തുമതത്തിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരിലും 1901-ല്‍ ടോള്‍സ്റ്റോയിയെ ക്രിസ്തീയ സഭയില്‍ നിന്ന് പുറത്താക്കി.
1902-ല്‍ ”മതമെന്താണ്” എന്ന ലേഖനത്തിലൂടെ സ്വകാര്യസ്വത്തവകാശം റദ്ദാക്കാന്‍ ചക്രവര്‍ത്തിയോട് അപേക്ഷിച്ചു.
1908-ല്‍ ”എനിയ്ക്ക് മൗനം തുടരാന്‍ കഴിയില്ല” എന്ന ലേഖനത്തിലൂടെ മരണശിക്ഷിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു.
കുടുംബബന്ധം ശിഥിലമായി.
1909-ല്‍ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു.
1910 ഒക്‌ടോബര്‍ 28-ന് വീട് വിട്ട് ഇറങ്ങുകയും അസ്തപ്പോവ റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് നവംബര്‍ 20-ന് അന്തരിക്കുകയും ചെയ്തു.
ടോള്‍സ്റ്റോയ് ആഗ്രഹിച്ചിരുന്നതുപോലെ യാസ്‌നയ പല്യാനയിലെ വനത്തിലൊരിടത്ത് ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഭൗതികാവശിഷ്ടം സംസ്‌കരിച്ചു.

ജോസ് ചന്ദനപ്പള്ളി
(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here