കടലില്‍ മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സീ റസ്‌ക്യൂ സ്‌ക്വാഡ് വരുന്നു

0
19

മലപ്പുറം: മത്സ്യബന്ധനത്തിനിടയിലും അല്ലാത്ത സമയങ്ങളിലും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഇനി വിദഗ്ദ്ധ പരിശീലനം ലഭിച്ച സീ റസ്‌ക്യൂ സ്‌ക്വാഡിന്റെ സേവനം ലഭിക്കും.
ജില്ലയില്‍ പൊന്നാനി, പുറത്തൂര്‍,താനൂര്‍, പരപ്പനങ്ങാടി എന്നീ നാല് കേന്ദ്രങ്ങളില്‍ അഞ്ച് സുരക്ഷാ ബോട്ടുകളില്‍ നാല് പേര്‍ വീതമുള്ള സ്‌ക്വാഡുകളെയാണ് ഫിഷറീസ് വകുപ്പ് നിയമിക്കുന്നത്. ഇതിനായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മത്സ്യബന്ധന മേഖലയില്‍ സജീവ സാന്നിധ്യമായ മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള അറുപത് വയസ്സിന് താഴെ പ്രായമുള്ള സേവന സന്നദ്ധരായവര്‍ക്ക് സീ സ്‌ക്വാഡ് അംഗമാകാം.
എഞ്ചിന്‍ ഘടിപ്പിച്ച യാനത്തിന്റെ ഉടമയ്ക്കും അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തിയ മത്സ്യത്തൊഴിലാളിക്കും അവസരമുണ്ട്. നീന്തല്‍ പ്രായോഗിക പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയിലെ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്ന് സൗജന്യമായി 20 ദിവസത്തെ വിദഗ്ധ പരിശീലനം നല്‍കും. ട്രെയിനിംഗ് ഫീസ്, ഭക്ഷണം, താമസം എന്നിവ കൂടാതെ യാത്ര ചെലവുകള്‍ക്കായി പ്രതിദിനം 700 രൂപ അലവന്‍സും ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനത്തിന് അര്‍ഹതയുണ്ടാകും. എന്നാല്‍ സാധാരണപോലെ ജോലിക്ക് പോകുന്നതിന് തടസമുണ്ടാകില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍ വ്യക്തമാക്കി. സീ സ്‌ക്വാഡിന് ആധുനിക സുരക്ഷാസൗകര്യങ്ങളുള്ള ബോട്ടാണ് അനുവദിക്കുക.
ഇതില്‍ നാവിഗേഷന്‍ ഉപകരണം, ബൈനോക്കുലര്‍, ജി.പി.എസ്. സെര്‍ച്ച് ലൈറ്റ്, ലൈഫ് ജാക്കറ്റ്, ലൈഫ്ബോയ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുണ്ടാകും. നിലവില്‍ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് പരിഗണിക്കപ്പെട്ടവര്‍ ഗോവയിലേക്ക് പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.
ഓഖിയ്ക്ക് പിന്നാലെയുണ്ടായ പ്രളയദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച നിര്‍ണായക പങ്കാളിത്തം കണക്കിലെടുത്ത് സീ സ്‌ക്വാഡ് രൂപീകരിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here