മതമൈത്രിയുടെ മാതൃകയായി മഞ്ചേരി ശാഫീ മസ്ജിദ്

0
16
മഞ്ചേരി ഷാഫി ജുമാമസ്ജിദില്‍ ഇന്നലെ ജുമുഅക്ക് ശേഷം നടന്ന മത സൗഹൃദ സദസ്സ്‌

മഞ്ചേരി: കഴിഞ്ഞ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് സാക്ഷികളാകാന്‍ ഇതരമതസ്തരും എത്തിയത് മതസൗഹൃത്തിന്റെ പുതിയ മാതൃകയായി. മഞ്ചേരി ഷാഫി ജുമാമസ്ജിദ് പരിപാലന കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് വനിതകളുള്‍പ്പെടെ 35 ഓളം ഇതരമതസ്ഥര്‍ ജുമുഅക്ക് എത്തിയത്. ഇവര്‍ക്ക് പള്ളിക്കകത്ത് ജുമുഅ പ്രഭാഷണം ശ്രവിക്കാനും നമസ്‌കാരം വീക്ഷിക്കാനും കമ്മറ്റി സൗകര്യം ഒരുക്കിയിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളിക്കകത്ത് മതസൗഹാര്‍ദ്ദ സദസ്സും ഹ്രസ്വമായ ചര്‍ച്ചയും നടന്നു.
അപൂര്‍വ്വമായി നടക്കുന്ന ഇത്തരം സൗഹൃദ സദസ്സുകള്‍ മാനവ സൗഹാര്‍ദ്ദത്തിന് വാതില്‍ തുറക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ശിഹാബ് പൂക്കോട്ടൂര്‍ ആണ് ജുമുഅ പ്രഭാഷണം നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യരെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അത് ഏതെങ്കിലും മതത്തിന് മാത്രം അവകാശപ്പെട്ട വേദഗ്രന്ഥമല്ലെന്നും അദ്ദേഹം ഉണര്‍ത്തി. സാര്‍വലോക മാനവികത, മര്‍ദ്ദിതരും പീഡിതരുമായ മുഴുവന്‍ മനുഷ്യരുടെയും എല്ലാവിധത്തിലുമുള്ള മോചനം എന്നിവയാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ അഡ്വ. തോമസ് ബാബു, അഡ്വ. ടി.എം. ഗോപാലകൃഷ്ണന്‍, ഫാ. ജയദാസ് മിത്രന്‍, ദ്വാരക ഉണ്ണി, ധര്‍മരാജന്‍, റിട്ട. എസ്.ഐ കൃഷ്ണന്‍ തണ്ണിപ്പാറ, ശ്രീധരന്‍, എ.ഇ.ഒ ഷാജന്‍, കുഞ്ഞികൃഷ്ണന്‍, ജയചന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here