നടപ്പാതയില്ലാതെ തൃശൂര്‍-വാടാനപ്പിളളി സംസ്ഥാന പാത കാല്‍ നടയാത്രക്കാര്‍ക്ക് ദുരിതം

0
7

വിജോ ജോര്‍ജ്

കാല്‍നട യാത്രികര്‍ക്ക് ദുരിതമായി പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന വൈദ്യുത തൂണുകള്‍.

അന്തിക്കാട്: തൃശൂര്‍ വാടാനപ്പിളളി സംസ്ഥാന പാതയില്‍ പെരുമ്പുഴ പാടത്തിലൂടെ കടന്നു പോകുന്ന റോഡിനിരുവശവും നടപ്പാതയില്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി.
നടപ്പാതയിലാകെ പുല്ല് വളര്‍ന്ന് നില്‍ക്കുന്നതും, ഇലക്ട്രിക് പോസ്റ്റുകള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നതും, മാലിന്യങ്ങള്‍ നടപ്പാതയില്‍ തള്ളുന്നതുമാണ് യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.
പാതക്കിരുവശവും പുല്ല് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ നടപ്പാതയിലേക്ക് ഇറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഏറെ തിരക്കുള്ള തൃശൂര്‍ വാടാനപ്പിളളി സംസ്ഥാന പാതയില്‍ പെരുമ്പുഴ പാടത്തു കൂടി കടന്നു പോകുന്ന റോഡിനിരുവശവുമാണ് നടപ്പാത ഇല്ലാത്ത അവസ്ഥയിലായത്. ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ നിന്നും റോഡു വിട്ട് നടപ്പാതയിലേക്കിറങ്ങുന്ന ചെറു വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
പാടശേഖരത്തിലേക്ക് വലിച്ചെറിഞ്ഞിരുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ വലിയ ചാക്കുകളിലാക്കി റോഡില്‍ തന്നെയാണ് പലരും ഉപേക്ഷിക്കുന്നത്. ഇവയില്‍ തട്ടി ഇരുചക്ര വാഹനങ്ങള്‍ വീഴുന്നുമുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനോ, തടയാനോ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല.
പല പ്രദേശങ്ങളും ചീഞ്ഞു നാറുന്ന അവസ്ഥയിലാണ്. ഇതു വഴി കടന്നു പോകുന്ന ആരോഗ്യ വകുപ്പ് അധികൃതരും ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നടപ്പാത കയ്യേറി കെ.എസ്.ഇ.ബി പോസ്റ്റുകള്‍ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ. മാസങ്ങളായി കുന്നുകൂട്ടി പല പ്രദേശങ്ങളായി ഇട്ടിരിക്കുന്ന പോസ്റ്റുകള്‍ പുല്ലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
നൂറില്‍ പരം പോസ്റ്റുകളാണ് ഇവിടെയുള്ളത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസവും ഇലക്ട്രിക് പോസ്റ്റുകള്‍ സൂക്ഷിക്കാന്‍ കൊണ്ടിറക്കിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
പാതയോരത്തെ പുല്ലുകള്‍ വെട്ടിമാറ്റി മാലിന്യങ്ങള്‍ എടുത്തു മാറ്റണമെന്നും, മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ നടപടി എടുക്കണമെന്നും, പോലീസ് പട്രോളിങ്ങ് പ്രദേശത്ത് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here