സന്നിധാനത്ത് വിലക്ക് ലംഘിച്ച് വീണ്ടും പ്രതിഷേധം; അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു

0
3

സന്നിധാനം: ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് വാവര് നടയില്‍ നാമജപ പ്രതിഷേധം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് 52 പേര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം അനുവദിച്ചു. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പൊന്‍കുന്നം, ചിറക്കടവ് മേഖലയിലുള്ളവരാണിവര്‍. അറസ്റ്റിലായവരില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളും ആര്‍എസ്എസുകാരും ഉണ്ടെന്ന് പൊലിസ് പറയുന്നു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.

ഇന്നലെ രാത്രി നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിഷേധം. വാവര് നടയിലും പതിനെട്ടാം പടിക്ക് സമീപത്തും പ്രതിഷേധങ്ങള്‍ വേണ്ടെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ രണ്ട് ബാച്ചുകളിലായി ആളുകള്‍ എത്തിയത്. പൊലീസ് ബാരിക്കേഡിനകത്ത് കയറി നാമജപപ്രതിഷേധം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ഹരിവരാസനം ചൊല്ലി നട അടച്ചതിന് പിന്നാലെ പൊലീസ് ഇവരെ വളയുകയും പൊലീസ് വലയത്തില്‍ തന്നെ രണ്ട് ബാച്ചുകളിലായി പമ്പയിലേക്ക് കൊണ്ടുവരികയുമായിരുന്നു.

പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇരു സംഘങ്ങള്‍ക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു. അന്യായമായാണ് പൊലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here