രാമന്തളി ചിറ്റടിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം; ജനങ്ങള്‍ ഭീതിയില്‍

0
147

പയ്യന്നൂര്‍: രാമന്തളി ചിറ്റടിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. സ്‌ഫോടന വിവരമറിഞ്ഞ് എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി. തളിപറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന്റ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബോംബ് സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയാകുന്നു. രാമന്തളിയില്‍ തന്നെയിപ്പോള്‍ നാലാം തവണയാണ് ബോംബ് സ്‌ഫോടനമുണ്ടാകുന്നത്.
രാമന്തളി കക്കംപാറയിലാണ് കഴിഞ്ഞ രണ്ട് ദിവസം ബോംബ് സ്‌ഫോടനമുണ്ടായതെങ്കില്‍ രാമന്തളി ചിറ്റടിയിലാണ് മറ്റ് രണ്ട് ബോംബ് സ്‌ഫോടനം നടന്നത്. ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ നാടിനെ നടുക്കുകയാണ്. സ്‌ഫോടന ശബ്ദത്തില്‍ ആളുകള്‍ ഭീതിയിലായിരിക്കുകയാണ്. ആള്‍പാര്‍പ്പില്ലാത്ത വിജനമായ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.
ഇവിടെ വ്യാപകമായ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരമുണ്ട്.. വിവരമറിഞ്ഞെത്തിയ സി.പി.എം പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് രാത്രി മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തിയിട്ടും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നേരത്തെ ബോംബ് സ്‌ഫോടനം നടന്ന കക്കം പാറയില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ റെയ്ഡില്‍ സ്ഥലത്ത് നിന്ന് ഒരു സ്റ്റീല്‍ ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു’. ബോംബ് സ്‌ഫോടനവും ബോംബ് കണ്ടെത്തിയ സംഭവത്തിലും പയ്യന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ബോംബ് സ്‌ഫോടനമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കരിവെള്ളൂര്‍ പെരളം ചീറ്റയിലും ബോംബ് പൊട്ടിയിരുന്നു. ഉഗ്രസ്‌ഫോടനശബ്ദം കേട്ട് നാട്ടുകാര്‍ ഞെട്ടുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here