വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു; ആദരാജ്ഞലികളര്‍പ്പിക്കാന്‍ ജനതിരക്ക്

0
10

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം അല്‍പസമയത്തിനകം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് തിരിച്ചു.

ഇന്നലെ വൈകിട്ട് മരിച്ച ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മാണിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് പുറത്തെടുത്തത്. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബാഹുല്യം കാരണം പൊതുദര്‍ശനം അരമണിക്കൂറിലേറെ നീണ്ടു. ജനതിരക്ക് കാരണം പത്ത് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്.

രമേശ് ചെന്നിത്തല,പിജെ ജോസഫ്, ഷാഫി പറമ്പില്‍, കെ.ബാബു, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അനൂപ് കുരുവിള ജോണ്‍, പിടി തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ കെഎം മാണിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

വിലാപയാത്രക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജമാക്കിയ ലോ ഫ്‌ലോര്‍ ബസ് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തൃപ്പൂണിത്തുറ,വൈക്കം, തലയോലപ്പറമ്പ്-കടുത്തുരുത്തി-ഏറ്റുമാനൂര്‍ വഴിയാകും മൃതദേഹം കോട്ടയത്ത് എത്തിക്കുക. ഇതിനിടയില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പലയിടത്തും വിലാപയാത്ര നിര്‍ത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം വയസ്‌കര കുന്നിലെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിലാപയാത്ര എത്തും. ഇവിടെ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കും.

അവിടെ നിന്നും തിരുനക്കര മൈതാനത്തേക്ക് കൊണ്ടു വരുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് മണാര്‍കാട്-അയര്‍കുന്നം-കിടങ്ങൂര്‍-കപ്ലാമറ്റം വഴി മാണിയുടെ ജന്മനാടായ മരങ്ങാട്ടുപിള്ളിയിലേക്ക് മൃതദേഹമെത്തിക്കും. പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടു വരുന്ന മൃതദേഹം അവിടെ നിന്നും രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ സംസ്‌കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകല്ലറയില്‍ അടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here