കമുകിന് മഹാളിയും മഞ്ഞളിപ്പു രോഗവും; വയനാട്ടില്‍ കവുങ്ങു കൃഷി അന്യമായേക്കും

0
329

കല്‍പ്പറ്റ: വയനാടന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ കവുങ്ങ് കൃഷി നാശത്തിലേക്ക് .മഞ്ഞളിപ്പ് രോഗം ബാധിച്ച് ജില്ലയിലുടനീളം കവുങ്ങുകള്‍ ഉണങ്ങി വരികയാണ്. മഹാളി രോഗവും മഞ്ഞളിപ്പു രോഗവും ശക്തമായതോടെ കര്‍ഷകരുടെ പ്രതീക്ഷയായ കവുങ്ങുകൃഷിയും അന്യമാവുകയാണ്.

ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളെല്ലാം ഭീഷണി നേരിടുന്നതിനിടയിലാണ് കവുങ്ങ് കൃഷിക്കും നാശം നേരിടുന്നത്. ജില്ലയിലെ പല ഭാഗങ്ങളിലും ലക്ഷങ്ങള്‍ മുടക്കി കച്ചവടക്കാര്‍ പാട്ടത്തിനെടുത്ത അടക്കകളെല്ലാം രോഗ ഭീഷണിയിലാണ്.ഉത്തരേന്ത്യയിലേക്കടക്കം വന്‍തോതില്‍ അടക്ക കയറ്റി അയച്ചിരുന്നത് വയനാട്ടില്‍ നിന്നായിരുന്നു. ടണ്‍ കണക്കിന് അടക്കയാണ് വയനാട്ടില്‍ നിന്നും ഉത്തരേന്ത്യന്‍ വിപണിയിലേക്കെത്തിയിരുന്നത്. എന്നാല്‍ കവുങ്ങുകള്‍ക്ക് രോഗം പിടിപ്പെട്ടതോടെ അടക്കാകൃഷിയും വയനാട്ടില്‍ അന്യമാവുകയാണ്.

പ്രളയത്തിനു ശേഷമാണ് വയനാട്ടിലെ കാര്‍ഷിക വിളകള്‍ അജ്ഞാതരോഗങ്ങള്‍ ബാധിച്ച് നശിക്കാന്‍ തുടങ്ങിയത്. കാപ്പി കുരുമുളക്, നെല്ല് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കെല്ലാം വിവിധ രോഗങ്ങളാണ്. കുരുമുളകിന് തണ്ട് ചീയല്‍ പോലുള്ള രോഗങ്ങള്‍ ഇത്തവണത്തെ വിളവെടുപ്പിനെ കാര്യമായി ബാധിച്ചിരുന്നു.
കവുങ്ങില്‍ ആദ്യം മഞ്ഞളിപ്പാണ് കണ്ടു വരുന്നത് പിന്നീട് കുലകളെ ബാധിക്കുന്നു തുടര്‍ന്ന് അടക്ക പൂര്‍ണ്ണമായും കൊഴിഞ്ഞു പോവുകയാണ്. മഹാളി രോഗം ബാധിച്ചാല്‍ അടക്ക ഉപയോഗിക്കുകയെങ്കിലും ചെയ്യാം എന്നാല്‍ ഉപയോഗ ശൂന്യമായി അടക്ക കായ്ക്കുമ്പോഴെ കൊഴിഞ്ഞ് തീരുകയാണ്. കാര്‍ഷിക മേഖലയുടെ നട്ടെല്ലായ അടക്കാ കൃഷിയുടെ നാശം വയനാടന്‍ കാര്‍ഷിക മേഖലയെ കാര്യമായി ബാധിക്കും നേരത്തെ കൃഷിയിറക്കാനായി ബാങ്കുകളില്‍ നിന്നും മറ്റും ലോണും സ്വകാര്യ ബാങ്കുകളില്‍ നിന്നും വട്ടി പലിശക്കും മറ്റും വായ്പയെടുത്ത കര്‍ഷകര്‍ക്ക് ഇടവിളയായി പോലും കൃഷി ചെയ്യുന്ന കവുങ്ങ് കൃഷിയുടെ നാശം താങ്ങാനാവില്ല.ജില്ലയിലെ പ്രധാന അടക്കാ കൃഷി കേന്ദ്രങ്ങളായ വളാട്, പടിഞ്ഞാറത്തറ കുപ്പാടിത്തറ മുണ്ട കുറ്റി, അമ്പലവയല്‍, വടുവന്‍ചാല്‍, നരിക്കുണ്ട്. കമ്മന, തുടങ്ങിയ പല ഭാഗങ്ങളിലും മഞ്ഞളിപ്പ് രോഗം പടരുന്നുണ്ട്. രോഗം ശക്തമായി കാര്‍ഷിക മേഖലക്ക് ഭീഷണിയാവുമ്പോഴും കൃഷിവകുപ്പോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഒന്നും ചെയ്യുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here