രാജനഗരിയില്‍ രാജീവിന് രാജകീയ വരവേല്‍പ്പ്

0
6
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന് തൃപ്പൂണിത്തറ മണ്ഡലത്തില്‍ ലഭിച്ച സ്വീകരണത്തില്‍ നിന്ന്.

കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന് രാജനഗരിയില്‍ രാജകീയ വരവേല്‍പ്പ്. രണ്ടാംഘട്ട പരസ്യ പ്രചരണത്തിന് നാടിന്റെ സമസ്ത മേഖലകളില്‍ നിന്നും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. രാവിലെ ഉദയം പേരൂര്‍ പഞ്ചായത്തിലെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്ന്
തൃപ്പൂണിത്തറ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കേണ്ടത് ബി.ജെ.പിയെ മാത്രമല്ലെന്നും, ബി.ജെ.പിയുടെ പണം കണ്ട് രാഷ്ട്രീയം മറക്കുന്ന കോണ്‍ഗ്രസുകാരെകൂടിയാണെന്നും എം. സ്വരാജ് പറഞ്ഞു.
ഏത് മണ്ഡലവും കൊതിക്കുന്ന സ്ഥാനാര്‍ഥിയാണ് രാജീവെന്നും എന്നും ഓര്‍ത്ത് വെക്കാവുന്ന തരത്തിലുള്ള ഭൂരിപക്ഷത്തോടെ രാജീവിനെ വിജയിപ്പിക്കണമെന്നും സ്വരാജ് പറഞ്ഞു. വേദിയിലേക്കെത്തിയ രാജീവിനെ പ്രവര്‍ത്തകര്‍ മത്സ്യം നല്‍കി സ്വീകരിച്ചു. മത്സ്യ ബന്ധനമേഖല വന്‍കിടക്കാര്‍ കൈയ്യടക്കികൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും, ഒരുകാലത്ത് രാജ്യത്ത് മത്സ്യ കയറ്റുമതിയില്‍ കേരളമായിരുന്നു മുമ്പിലുണ്ടായിരുന്നതെന്നും രാജീവ് പറഞ്ഞു.
പി. രാജീവ് രാജ്യസഭാ എം.പിയായിരുന്ന കാലയളവില്‍ സന്‍സദ് ആദര്‍ശ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദയംപേരൂര്‍ പഞ്ചായത്തിനെ ഏറ്റെടുത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായി സ്‌കൂളില്‍ പോകാനായി ഉദയംപേരൂരിലെ സ്‌കൂളുകള്‍ക്ക് എം.പി ഫണ്ടില്‍ സ്‌കൂള്‍ ബസുകള്‍ നല്‍കിയിരുന്നു.
രാജീവ് ജയിച്ചാല്‍ വികസനം ഉറപ്പാണെന്ന വോട്ടര്‍മാരുടെ പ്രതീക്ഷ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനുള്ള ആവേശത്തില്‍ പ്രകടമായിരുന്നു. മിഠായി കോര്‍ത്ത മാലകളും പനിനീര്‍പ്പൂമാലകളും പച്ചക്കറി മാലകളും അണിയിച്ച് പൊന്നാടകള്‍ ചാര്‍ത്തിയും പടക്കം പൊട്ടിച്ചും പുഷ്പവൃഷ്ടിനടത്തിയും ആവേശോജ്ജ്വലമായ സ്വീകരണങ്ങളാണ് ഉദയംപേരൂര്‍ ജനത പ്രിയ നേതാവിന് നല്‍കിയത്. രക്തസാക്ഷി വിദ്യാധരന്റെ പേരിലുള്ള സ്മരണിക നല്‍കി മെക്കാവെളിയില്‍ പ്രവര്‍ത്തകര്‍ രാജീവിനെ സ്വീകരിച്ചു. ചെറുത്തു നില്‍പ്പിന്റെ വര്‍ത്തമാനങ്ങള്‍ എന്ന പേരില്‍ രാജീവിന്റെ ലേഖനമടങ്ങിയതാണ് സ്മരണിക. മേക്കാവെളിയില്‍ രഞ്ജിനി ജോര്‍ജും നിതിന്‍ എം.എസും സ്ഥാനാര്‍ഥിക്ക് സമ്മാനിച്ചത് സ്വന്തമായി വരച്ച ഛായാ ചിത്രങ്ങളാണ്. സൗത്ത് പറവൂരില്‍ പുളിയംമാക്കല്‍, കുറുപ്പനേഴം, ആട്ടുവള്ളിക്കാട്, പൂത്തോട്ട, പുത്തന്‍കാവ്, ചക്കുകുളം, ശ്രാക്കാട്, തട്ടാമ്പറമ്പ്, പൊതുമൂല, പുതുക്കുളം, മേക്കേവെളി, മുതിരപ്പറമ്പ്, പനച്ചിക്കല്‍, കുറുപ്പശേരി, ആമേട, കോസ്റ്റല്‍, വെട്ടിക്കാപ്പിള്ളി, കാരുരുത്തി, നടക്കാവ്, പടിക്കത്തറ, പത്താംമൈല്‍, കൊച്ചുപള്ളി എന്നിവിടങ്ങളില്‍ രാജീവ് പര്യടനം നടത്തി.
ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി എഴീക്കോട് സതീശന്‍ നമ്പൂതിരിയുടെ കരുരുത്തിലെ വീട്ടുവളപ്പിലൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സ്ഥാനാര്‍ഥി വീട്ടിലെത്തി അദ്ദേഹത്തോട് സുഖവിവരങ്ങള്‍ ആരാഞ്ഞു. പനങ്ങാട് ചാത്തമ്മയില്‍ ചെമ്മീന്‍ കെട്ടില്‍ വീണ് മുങ്ങി മരിച്ച അശ്വിന്‍ ജയകുമാര്‍, ദില്‍ജിത്ത് ഷാജി എന്നീ വിദ്യാര്‍ഥികളുടെ വീട്ടിലെത്തി പി രാജീവും എം.എല്‍.എ എം. സ്വരാജും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കടുത്ത നട്ടുച്ച വെയിലിലും പ്രിയ നേതാവിനെ പ്രായഭേദമെന്യേ ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. ജൈവ പച്ചക്കറികളും സ്വന്തമായി വിളയിച്ചെടുത്ത പഴവര്‍ഗങ്ങളും നല്‍കാത്ത സ്വീകരണകേന്ദ്രങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മരടിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതിന് ശേഷം രാജീവ് പനങ്ങാട് വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here