ദോഹ. കോവിഡ് 19 രോഗികളുടെ പരിചരണത്തിന് ഖത്തര്‍ നിയോഗിച്ചത് 13,000ല്‍ അധികം നഴ്സുമാരെ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്എംസി) ആണ് ഇക്കാര്യം അറിയിച്ചത്. എച്ച്എംസിയുടെ കോവിഡ് ആശുപത്രികളിലും പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പറേഷന്റെ(പിഎച്ച്സിസി) നാല് കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്ന സമ്പര്‍ക്കവിലക്ക് കേന്ദ്രങ്ങളിലുമാണ് ഇവരുടെ സേവനം ലഭ്യമാക്കിയത്.

 

എച്ച്എംസിയില്‍ നിന്നും പിഎച്ച്സിസിയില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാരെയാണ് കോവിഡ് രോഗികളെ പരിചരിക്കാന്‍ നിയോഗിച്ചത്. കോവിഡ് പ്രതിരോധത്തില്‍ ഇവര്‍ പ്രകടമാക്കിയ പ്രതിബദ്ധതയും മികവും ആത്മവിശ്വാസവും അത്യന്തം അഭിനന്ദനീയമാണെന്ന് റുമൈല ആശുപത്രി നഴ്സിങ് എക്സിക്യുട്ടിവ് ഡയറക്ടറും സിസ്റ്റം വൈഡ് ഇന്‍സിഡന്റ് കമാന്‍ഡ് കമ്മിറ്റി നഴ്സിങ് വിഭാഗം മേധാവിയുമായ മറിയം അല്‍ മുതവ്വ പറഞ്ഞു.

 

എച്ച്എംസി കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മിബൈരീക് ജനറല്‍ ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, മിസൈദ് ഹോസ്പിറ്റല്‍, ലിബ്സയര്‍ ഹോസ്പിറ്റല്‍ എന്നീ കോവിഡ് ആശുപത്രികളിലായി 11,000 നഴ്സുമാരാണ് രോഗികളെ പരിചരിക്കാന്‍ നിയുക്തരായത്.

 

ഒരു ലക്ഷം രോഗികളാണ് ഖത്തറില്‍ ഇതുവരെ കോവിഡ് മുക്തരായത്. നാലായിരിത്തോളം രോഗികള്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യാന്തരതലത്തില്‍ രോഗികളുടെ മരണനിരക്ക് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍. ഒന്നാംസ്ഥാനത്ത് സിംഗപ്പൂരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here