മാഞ്ചസ്റ്റർ: സതാംംപ്റ്റണിലെ തോൽവിക്ക് മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിൻ്റെ മധുര പ്രതികാരം. രണ്ടാം ടെസ്റ്റിൽ 113 റൺസിനാണ് ഇംഗ്ലണ്ട് വിൻഡീസിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സിൽ 312 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 198 റൺസിന് പുറത്തായി. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പമെത്തി. സതാംപ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ വിൻഡീസ് വിജയിച്ചിരുന്നു.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 182 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് മൂന്നു വിക്കറ്റിന് 129 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ വിൻഡീസിൻ്റെ വിജയലക്ഷ്യം 312 ആയി. 78 റൺസ് നേടിയ ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് ഉയർന്ന സ്കോർ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങി ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത സ്റ്റോക്ക്സ് നാല് ഫോറിന്റേയും മൂന്നു സിക്സിന്റേയും സഹായത്തോടെ 57 പന്തിൽ നിന്നാണ് 78 റൺസ് നേടി പുറത്താകാതെ നിന്നു. ജോസ് ബട്ലർ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായപ്പോൾ സാക് ക്രാവ്ലിയുടെ സമ്പാദ്യം 11 റൺസായിരുന്നു. ജോ റൂട്ട് 22 റൺസിന് റൺഔട്ടായി. ഒലി പോപ്പ് 12 റൺസോടെ ക്രീസിൽ തുടർന്നു. വിൻഡീസിനായി കീമർ റോച്ച് ഒരു വിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിൻ്റെയും ക്രിസ് വോക്സിൻ്റയും മികവിലാണ് ഇംഗ്ലണ്ട് സന്ദർശകരെ ചെറിയ സ്കോറിലൊതുക്കിയത്. 182 റൺസ് എന്ന ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നയിച്ചതും ഈ പ്രകടനങ്ങൾ തന്നെ. 75 റൺസെടുത്ത ക്രെയ്ഗ് ബ്രാത്വെയ്റ്റിനും 68 റൺസ് അടിച്ച ബ്രൂക്ക്സിനും 51 റൺസ് നേടിയ റോസ്റ്റൺ ചേസിനുമൊഴികെ വിൻഡീസ് നിരയിൽ ആർക്കും തിളങ്ങാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് ഒമ്പതു വിക്കറ്റിന് 469 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 120 റൺസ് നേടിയ ഡോം സിബ്ലെയും 176 റൺസ് നേടിയ ബെൻ സ്റ്റോക്ക്സുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 260 റൺസ് . വെസ്റ്റിൻഡീസിനായി റോസ്റ്റൺ ചേസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. കീമർ റോച്ച് രണ്ടു വിക്കറ്റെടുത്തപ്പോൾ ജേസൺ ഹോൾഡറും അൽസാരി ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 44 ഓവറിൽ 172 റൺസ് വഴങ്ങിയാണ് റോസ്റ്റൺ അഞ്ചു വിക്കറ്റ്നേട്ടം ആഘോഷിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here