കൊച്ചി:കോവിഡ് മരണം റിപ്പോർട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വ്യദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും. 143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വ്യദ്ധസദനം പ്രായാധിക്യമുള്ളവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്ന ഇടമാണ്. ഇവിടെയുള്ള 90 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇവിടെ 43 അന്തേവാസികൾക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന കാലത്തിന് മുന്നേ മാസത്തിൽ മൂന്ന് മരണം വരെ ഈ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.

തൃക്കാക്കര വൃദ്ധസദനത്തില്‍ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൃദ്ധസദനത്തില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പാലിയേറ്റീവ് കെയര്‍ സ്‌പെഷ്യലിസ്റ്റ്, മുഴുവന്‍സമയം ആംബുലന്‍സ് സൗകര്യം, ടെലിമെഡിസിന്‍ സൗകര്യങ്ങൾ ഉൾപ്പെടെ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കും.

കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. ഇവിടങ്ങളില്‍ പ്രത്യേക പെരുമാറ്റച്ചട്ടവും ഏര്‍പ്പെടുത്തും.

ഈ കേന്ദ്രങ്ങളില്‍ നിന്നും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകുവാന്‍ ഒരാൾക്ക് മാത്രമാണ് അനുമതി. ഇയാൾ കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കേണ്ടതും കേന്ദ്രത്തിലെ മറ്റ് അന്തേ വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലാത്തതുമാണ്. വൃദ്ധസദനങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് രോഗവ്യാപന സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയാകണം.

ട്രോളിംഗ് നിരോധന കാലയളവ് തീരുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം എത്തുവാന്‍. നിലവിൽ ഇതര സംസ്ഥാന യാനങ്ങൾക്ക് കേരളതീരത്ത് പ്രവർത്തനാനുമതി ഇല്ല . മത്സ്യ ബന്ധനമേഖലയുമായി ബന്ധപ്പെട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള വിശദമായ മാര്‍ഗരേഖ സംസ്ഥാനതലത്തില്‍ തയ്യാറാകും.

ജില്ലയിലെ ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളുടെ (എഫ്.എല്‍.ടി.സി) പ്രവര്‍ത്തനവും ഒരുക്കങ്ങളും മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഏഴ് എഫ്.എല്‍.ടി.സികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ എഫ്.എല്‍.ടി.സികളിലായി 6500 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.

തീരപ്രദേശ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 4500 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സിവില്‍ സപ്ലെയ്സ് വകുപ്പിന് ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കി. കണ്ടക്കടവ്, ചെല്ലാനം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്ക് പുറമേ ആവശ്യമെങ്കില്‍ മൊബൈല്‍ യൂണിറ്റുകളും കോവിഡ് പരിശോധനക്കായി തയ്യാറാക്കും.

കോവിഡ് രോഗവ്യാപന പരിശോധനകൾ ഐ.സി.എം.ആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് നടത്തുന്നത്. അടുത്തഘട്ടത്തില്‍ എല്ലാ പഞ്ചായത്തുകളിലും ആന്റിജന്‍ ടെസ്റ്റ് ആരംഭിക്കും. നിലവില്‍ രോഗലക്ഷണമുള്ളവര്‍ക്ക് പുറമേ രോഗിയുമായി പ്രാഥമിക സംബര്‍ക്കമുള്ളവരെയും ഹൈ റിസ്‌ക്ക് കോണ്‍ടാക്ട്‌സ് ഉളള എല്ലാവരെയും പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും എഫ്.എല്‍.ടി.സി നടത്തിപ്പുകൾക്കുമായി എല്ലാ പഞ്ചായത്തുകൾക്കും മുന്‍സിപ്പാലിറ്റികൾക്കും നിശ്ചിത തുക ജില്ലാ ദുരന്തനിവാരണ അതോറിട്ടിയില്‍ നിന്നും നല്‍കും. പ്രസ്തുത തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിനായി ജോയിന്റ് അക്കൗണ്ടുകൾ ആരംഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here