ന്യൂഡല്‍ഹി: ബംഗ്ലാദേശുമായി റെയില്‍വേ മേഖലയിലുള്ള സഹകരണം വര്‍ധിപ്പിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ബംഗ്ലാദേശിന് ഇന്ത്യ 10 തീവണ്ടി എന്‍ജിനുകള്‍ നല്‍കും. ബംഗ്ലാദേശിലെ റെയില്‍വേ മേഖലയില്‍ ചൈന കണ്ണുവെച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ അതിവേഗ നടപടി.

കഴിഞ്ഞ ഏതാനും നാളുകളായി ബംഗ്ലാദേശില്‍ ചൈന സാമ്പത്തിക സാന്നിദ്ധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇതുവഴി ബംഗ്ലാദേശ്-ചൈന വാണിജ്യ ബന്ധം ശക്തിപ്പെടുത്തുക വഴി ഇന്ത്യയുടെ അയല്‍ രാജ്യത്ത് സ്വാധീനമുറപ്പിക്കാനായിരുന്നു ചൈനയുടെ പദ്ധതി. എന്നാല്‍ റെയില്‍വേ മേഖലയില്‍ ബംഗ്ലാദേശിന് ഇന്ത്യ സഹകരണം ഉറപ്പുനല്‍കിയത് ചൈനക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

2019 ഓക്ടോബറില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റെയില്‍വേ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. ഇതാണ് നിലവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇന്ന് തന്നെ തീവണ്ടി എന്‍ജിനുകള്‍ ഇന്ത്യ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. വെര്‍ച്വലായി നടക്കുന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റെയില്‍വേ മന്ത്രി പീയുഷ് ഗോയലും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here