ഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസ്
സുപ്രീംകോടതിയെ സമീപിച്ചു. കോവിഡും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി കോടതിയെ അറിയിച്ചത്. അതിനാൽ സമയം നീട്ടിനൽകണമെന്നാണ് ജഡ്ജിയുടെ ആവശ്യം.

വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസ് എ.എം ഖാൻവിൽക്കർ നേതൃത്വം നൽകുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും.

നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29 ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് അനുസരിച്ച് മെയ് 29 ന് വിചാരണ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കേസുമായി ബന്ധപെട്ട് ചില ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നതിനാൽ അന്തിമ വിചാരണ ആരംഭിക്കുന്നത് വൈകി.

ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ വിചാരണ പൂർത്തിയാക്കാൻ നവംബർ വരെ സമയം ലഭിക്കും. നിലവിൽ നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയിൽ നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here