കൊച്ചി; വർഷങ്ങൾക്ക് മുമ്പ് ബീഹാറിലെ ഷെയ്ക്ക്പുരയിലെ ഗോസായ്മതി ഗ്രാമത്തിൽ നിന്നും കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ പ്രമോദ്കുമാറിന് കുടുംബത്തിൻ്റെ വിശപ്പ് മാറ്റണം എന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായത്. വർഷങ്ങൾ ഏറെ കഴിയുമ്പോൾ ആ കഷ്ടപ്പാടുകൾ മധുരമാവുകയാണ്. എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഈ ബിഹാർ സ്വദേശിയുടെ മകൾ പായൽ കുമാരിയാണ്.

പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കൊളജ് വിദ്യാർത്ഥിയായ പായലിന് 85 ശതമാനം മാര്‍ക്കാണ് ബിഎ ആര്‍ക്കിയോളജി ആന്‍റ് ഹിസ്റ്ററി (സെക്കന്‍റ് മോഡ്യൂള്‍) പായല്‍ നേടിയത്.

എറാണകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ് കുമാര്‍. മകളുടെ നേട്ടത്തില്‍ നിറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. മകളെ തുടർന്ന് പഠിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രമോദും ഭാര്യ ബിന്ദു ദേവിയും. മകളെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായി കാണണമെന്നാണ് ഈ ബിഹാറി ദമ്പതികളുടെ ആഗ്രഹം.

പത്താം ക്ലാസ് മുതല്‍ പുരാവസ്തു ഗവേഷണത്തോടും, ചരിത്രത്തോടും താത്പര്യം തോന്നിയിരുന്ന പായൽ ഈ വിഷയത്തിൽ ബിരുദം എടുക്കുകയായിരുന്നു. ബിരുദാനന്തര ബിരുദം ചെയ്യാനൊരുങ്ങുകയാണ് പായൽ. കേരളത്തില്‍ വന്നിട്ട് വര്‍ഷങ്ങളായതിനാൽ നന്നായി മലയാളം സംസാരിക്കുന്ന പായല്‍. കേരളം സ്വന്തം നാടുപോലെയാണെന്നും പറയും. ഒരുഘട്ടത്തില്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം നിര്‍ത്താന്‍ ആലോചിച്ചതാണ് എന്നാല്‍ കൂട്ടുകാരും, അദ്ധ്യാപകരും ഊര്‍ജ്ജം നല്‍കിയെന്നും പായൽ വ്യക്തമാക്കി.

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിലും പായൽ ഉന്നത വിജയം നേടിയിരുന്നു. ഒരു സഹോദരനും സഹോദരിയുമാണ് പായലിന് ഉള്ളത്. മൂത്ത സഹോദരന്‍ ആകാശ് കുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സഹോദരി പല്ലവി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here