ആലുവ: കാൽനൂറ്റാണ്ടുകാലം ആലുവ മേഖലയിലെ അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം പകർത്തുന്ന ഫോട്ടോഗ്രാഫർ അവരുടെ മേൽവിലാസം തേടി ഇറങ്ങുന്നു. ആലുവ സ്വദേശിയും ഫോട്ടോണിക്സ് സ്റ്റുഡിയോ ഉടമയുമായ ടോമി തോമസാണ് പോലീസിലെ ജീവിതാനുഭവങ്ങളും  ചിത്രങ്ങളും അടിസ്ഥാനമാക്കി ‘അൺനോൺ ‘ എന്ന പേരിൽ യൂടൂബിൽ അന്വേഷണ പരമ്പര ഒരുക്കുന്നത്. https://youtu.be/-jbk-MyAuzQ?t=11

പരമ്പരയുടെ ടീസർ ഇന്നലെ രാത്രി പുറത്തിറക്കി. ടോമി ചിത്രീകരിച്ചിട്ടുള്ള യഥാർത്ഥ വീഡിയോ ഫയലുകളും ഫോട്ടോകളുമാണ് ഇതിനായി ഉപയോഗിക്കുക. പെരിയാറിൻെറ തീരത്ത് വന്നടിയുന്ന മൃതദ്ദേഹങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് ആദ്യം ഉണ്ടാവുകയെന്ന് ടോമി പറഞ്ഞു.

താനെടുത്ത ചിത്രങ്ങളിൽ 90 ശതമാനം മൃതദ്ദേഹങ്ങളും  വർഷങ്ങൾ കഴിഞ്ഞിട്ടും  അജ്ഞാതരായി തുടരുന്നതാണ് ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്ന് ടോമി പറയുന്നു. ചികിത്സയിലിരിക്കെ മരിച്ചെന്ന് കരുതി ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെ  ജീവനുണ്ടെന്ന് കണ്ടെത്തി ഒരു യുവാവിനെ രക്ഷപ്പെടുത്തിയ അനുഭവവും ടോമിയ്ക്കുണ്ട്.

മൃതശരീരത്തിൽ കാണുന്ന മുറിവുകളെ അടിസ്ഥാനമാക്കി സാധ്യതകളും സാഹചര്യങ്ങളും അവതരിപ്പിക്കുകയാണ് ‘അൺനോൺ ‘ ചെയ്യുന്നത്. പോസ്റ്റ് മാർട്ടം റിപ്പോർട്ടുകളും കഥയ്ക്ക് ഒഴുക്ക് കൂട്ടാനെത്തും. ഈ രംഗങ്ങൾ കാണുന്ന പ്രേക്ഷകർക്ക് മൃതദ്ദേഹം തിരിച്ചറിയാനാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.  പോലീസ് ഡയറിയിൽ അജ്ഞാത മൃതദ്ദേഹമായി തുടരുന്നവരെ തിരിച്ചറിയാൻ ഇതിലൂടെ ആകുമെന്ന വിശ്വാസത്തിൽ എറണാകുളം റൂറൽ പോലീസും ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയായുണ്ട്.

ടോമിയെടുത്ത നൂറു കണക്കിന് മൃതദേഹങ്ങളുടെ ചിത്രങ്ങളിൽ നിന്ന് പരമ്പര തയ്യാറാക്കി സംവിധാനം ചെയ്യുന്നത് സുഹൃത്തായ ഡോ. ഡാന്നി ജോസാണ്.  അരുൺ കൃഷ്ണയാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ആദ്യ ഭാഗം അടുത്ത മാസം പുറത്തിറങ്ങും. മൃതദേഹങ്ങളെ തിരിച്ചറിയുന്നതായിരിക്കും പരമ്പരയുടെ ഏറ്റവും വലിയ വിജയമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

prepared by ബോബൻ ബി കിഴക്കേത്തറ

LEAVE A REPLY

Please enter your comment!
Please enter your name here