അധികാര വികേന്ദ്രീകരണ രംഗത്തും പ്രാദേശിക ഭരണ രംഗത്തും രാജ്യത്തെ പഞ്ചായത്തുകൾക്ക് മാതൃകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകളിലെ ഇ-ഗവേണൻസ് രംഗത്ത് പുതിയ കാൽവയ്പ്പായിരിക്കും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം. ഇൻഫർമേഷൻ മിഷൻ തയാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 150 പഞ്ചായത്തുകളിൽ പ്രാഥമിക ഘട്ടമെന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈനായി ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നത്. ഇപ്പോൾതന്നെ മിക്കവാറും എല്ലാ സേവനങ്ങളും ഓൺലൈനിലൂടെ നൽകാൻ സാധിക്കുന്നുണ്ട്. എന്നാൽ അവ പല വെബ്‌ലിങ്കുകളിലായി ചിതറിക്കിടക്കുകയാണ്. അതിനെയെല്ലാം ഒറ്റ ലോഗിനിൽ ലഭ്യമാക്കുന്ന തരത്തിൽ ക്രമീകരിച്ച് ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഒരു സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാക്കുകയാണ് കേരള ഇൻഫർമേഷൻ മിഷനെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപേക്ഷയോടൊപ്പം നൽകിയ ഇ-മെയിൽ ഐഡിയിലും അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പും ലഭ്യമാകും. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ അത് സംബന്ധിച്ച് അറിയിപ്പ് എസ്.എം.എസ് ആയി അപേക്ഷകന് ലഭിക്കും. ഒട്ടും കാലതാമസം ഇല്ലാതെ സുതാര്യവും ലളിതവുമായ നടപടിക്രമത്തിലൂടെ എല്ലാവർക്കും വീട്ടിലിരുന്നും അക്ഷയകേന്ദ്രങ്ങൾ വഴിയും ഇ-സേവനങ്ങൾ നേടിയെടുക്കാനാവും. അപേക്ഷകരുടെ മുൻഗണനാ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ വഴി പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഫയലുകളെല്ലാം വെബ് അധിഷ്ഠിതമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ജീവനക്കാർക്ക് ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ഓഫീസ് പ്രവർത്തനങ്ങൾ നിർവഹിക്കാൻ സാധിക്കും. സർക്കാർ നയത്തിനനുസൃതമായി ഓപ്പൺസോഴ്‌സ് ടെക്‌നോളജിയിലാണ് സോഫ്റ്റ്‌വെയർ തയാറാക്കിയിട്ടുള്ളത്.
അതിലൂടെ പഞ്ചായത്തുകൾക്ക് ലൈസൻസ് ഇനത്തിലുള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ സാധിക്കും. ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കും. വലിയതോതിൽ ജനസേവനം നടത്തുന്ന പഞ്ചായത്തുകൾക്ക് ഫലപ്രദമായി ഇടപെടുന്നതിന് പുതിയ സംവിധാനം വഴി കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here