ആലുവ: രണ്ട് പ്രളയങ്ങളും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും അഞ്ച് വർഷത്തെ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണെന്ന് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു.

ആലുവ മീഡിയ ക്ളബിൽ ജില്ലാ പഞ്ചായത്തിന്റെ അഞ്ച് വർഷത്തെ വികസന നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെയാണ് നടപടികളെടുത്തത്. ഫണ്ടുകൾ എല്ലാ അംഗങ്ങൾക്കും വിവേചനമില്ലാതെ വിതരണം ചെയ്തു. കൊവിഡ് കാലത്ത് സംസ്ഥാനത്തെ മറ്റ് ജില്ലാ പഞ്ചായത്തുകൾക്കും മാതൃകയായ പ്രവർത്തനമായിരുന്നു. നിർദ്ദനരായവർക്ക് സ്വകാര്യാശുപത്രികളിൽ 7526 സൗജന്യ ഡയാലിസിസുകൾ നടത്തി. 45 ലക്ഷം രൂപ ചെലവഴിച്ചു. കാൻസർ രോഗികൾക്ക് 60 ലക്ഷം രൂപയുടെ മരുന്ന് നൽകി. കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതിന് ജില്ലയിലെ 82 പഞ്ചായത്തുകൾക്ക് 50,000 രൂപ വീതം നൽകി.

250 കോടി രൂപ റോഡുകൾക്കായും ആറ് പഞ്ചായത്തുകളിൽ ആധുനിക ശ്മശാനത്തിന് ആറ് കോടി രൂപയും ചെലവഴിച്ചു.

ജില്ലാ ആശുപത്രിയിൽ സോളാർ പാനൽ സ്ഥാപിക്കും

ആറ് ലക്ഷത്തോളം രൂപ പ്രതിമാസം വൈദ്യുതിക്ക് ചെലവഴിക്കുന്ന ആലുവ ജില്ലാ ആശുപത്രിയിൽ 40 ലക്ഷം രൂപ ചെലവിൽ സോളാർ പാനൽ സ്ഥാപിക്കും. ഉടൻ നിർമ്മാണം ആരംഭിക്കും. ഇതുവഴി ആവശ്യത്തിലധികം വൈദ്യുതി ലഭിക്കും. അധികമുള്ളത് കെ.എസ്.ഇ.ബിക്ക് നൽകും. ആശുപത്രിയിൽ ആവശ്യത്തിന് കുടിവെള്ളത്തിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്. ഇത് പാതിയായി കുറക്കുന്നതിനായി വലിയ കിണറിന്റെ നിർമ്മിക്കുന്നുണ്ട്.

പ്രേമം’ പാലം സുന്ദരിയാകും

‘പ്രേമം’ സിനിമയുടെ ലൊക്കേഷനായതോടെ ‘പ്രേമം’ പാലം എന്ന പേരിൽ അറിയപ്പെടുന്ന ഉളിയന്നൂരിലേക്കുള്ള അക്വഡേറ്റ് വിനോദ സഞ്ചാരം ലക്ഷ്യമിട്ട് നവീകരിക്കും. മാർക്കറ്റ് മുതൽ യു.സി കോളേജ് വരെയുള്ള 2.250 കിലോമീറ്റർ അക്വഡേറ്റ് സൗന്ദര്യവത്കരിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം മുടങ്ങിയിരുന്നു. സംസ്ഥാന സർക്കാർ നൽകേണ്ട 180 കോടിയിൽ കൊവിഡിനെ തുടർന്ന് 120 കോടിയാക്കി ചുരുക്കിയതാണ് വിനയായത്.

എന്നാൽ രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരും ഉൾപ്പെടുന്ന ഭാഗമായതിനാൽ നാല് പേരും പദ്ധതിക്കായി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിർമ്മാണത്തിന് തുടക്കമിടുന്നതിനായി ഓൺഫണ്ടിൽ നിന്നും 10 ലക്ഷം അനുവദിച്ചു. 29ന് ചേരുന്ന ഡി.പി.സി അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് നിർമ്മാണോദ്ഘാടനം നടത്തും. ആദ്യഘട്ടം അക്വഡേറ്റിൽ ടൈൽ വിരിച്ചും കൈവരി കെട്ടിയും മനോഹരമാക്കും.

1965ൽ പറവൂർ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി സ്ഥാപിച്ചതാണെങ്കിലും ഉദ്ദേശ്യം നടന്നില്ല. പിന്നീട് ഉളിയന്നൂർ ദ്വീപ് നിവാസികൾ വഴിയായി ഉപയോഗിക്കുകയായിരുന്നു. മൂന്ന് മീറ്ററാണ് വീതി.

 

LEAVE A REPLY

Please enter your comment!
Please enter your name here