ന്യൂദുബായ്: ടൂർണമെന്റിലെ കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് പ്ലേ ഓഫ് വിജയിച്ചു.. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 53 റൺസെടുത്ത നിക്കോളാസ് പൂരന്റെ ബാറ്റിങ് മികവിലാണ് അനായാസ വിജയം സ്വന്തമാക്കിയത്. ഒരോവർ ബാക്കി നിൽക്കെയാണ് പഞ്ചാബിന്റെ ജയം.

ഡൽഹിയ്ക്ക് വേണ്ടി സെഞ്ചുറി നേടിയ ശിഖർ ധവാന്റെ ഇന്നിങ്സ് പാഴായി. ഒരു ഘട്ടത്തിൽ വലിയ തകർച്ച നേരിട്ട പഞ്ചാബിനെ പൂരനും മാക്സ്വെല്ലും ചേർന്ന് രക്ഷിക്കുകയായിരുന്നു. ​ഗെയ്ലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

തുടർച്ചായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാന്റെ ഒറ്റയാൾ പോരാട്ടം കൊണ്ടാണ് ഡൽഹി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 164 എന്ന സ്കോർ പടുത്തുയർത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം അടുപ്പിച്ച് രണ്ടു കളികളിൽ സെഞ്ചുറി നേടുന്നത്. ധവാന് മികച്ച കൂട്ടുകെട്ട് നൽകാൻ മറ്റ് താരങ്ങൾക്ക് കഴിയാതെ പോയതോടെ വലിയൊരു സ്കോർ കണ്ടെത്താൻ ഡൽഹിയ്ക്ക് കഴിഞ്ഞില്ല. 61 പന്തുകളിൽ നിന്നും 106 റൺസെടുത്ത ധവാൻ പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡൽഹിയ്ക്ക് അത്ര നല്ല തുടക്കമല്ല ആദ്യ വിക്കറ്റിൽ ലഭിച്ചത്. ശിഖർ ധവാൻ നന്നായി ബാറ്റ് ചെയ്തപ്പോൾ പൃഥ്വിഷാ ഈ കളിയിലും പരാജയമായി. സ്കോർ 25-ൽ നിൽക്കെ ഏഴുറൺസ് മാത്രമെടുത്ത ഷായെ പുറത്താക്കി ജിമ്മി നീഷാം ഡൽഹിയ്ക്ക് ആദ്യ ക്ഷതമേൽപ്പിച്ചു.

എന്നാൽ ഒരറ്റത്ത് ശിഖർ ധവാൻ സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. മികച്ച പ്രകടനമാണ് ധവാൻ ഇക്കളിയിലും പുറത്തെടുത്തത്. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ കൂടി ക്രീസിലെത്തിയതോടെ ഡൽഹി മികച്ച സ്കോറിലേക്ക് കുതിച്ചു. ഇരുവരും ചേർന്ന് സ്കോർ 50 കടത്തി.

പിന്നാലെ ഈ സീസണിൽ 400 റൺസും ധവാൻ പിന്നിട്ടു. ഒൻപതാം ഓവറിൽ ധവാൻ 28 പന്തുകളിൽ നിന്നും അർധസെഞ്ചുറി നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ധവാൻ ആ ഫോം ഈ മത്സരത്തിലും തുടർന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ 14 റൺസെടുത്ത ശ്രേയസ്സ് അയ്യരെ പുറത്താക്കി മുരുകൻ അശ്വിൻ പഞ്ചാബിന് വീണ്ടും പ്രതീക്ഷ നൽകി.

പിന്നാലെയെത്തിയ ഋഷഭ് പന്ത് റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഇത് സ്കോറിനെയും ബാധിച്ചു. പതിയെ റൺറേറ്റ് താഴേക്ക് പതിച്ചു. എന്നാൽ ധവാൻ മറുവശത്ത് മികച്ച ഷോട്ടുകളുമായി മുന്നേറി സ്കോർ 100 കടത്തി. അതോടൊപ്പം ഐ.പി.എല്ലിൽ 5000 റൺസ് തികയ്ക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് ധവാൻ.

 

 

പഞ്ചാബ് ബൗളർമാരെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് ഷമി രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ മാക്സ്വെൽ, നീഷാം, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ രാഹുൽ സ്കോർ 17-ൽ നിൽക്കെ 15 റൺസെടുത്ത് മടങ്ങി. അക്ഷർ പട്ടേലിനാണ് വിക്കറ്റ്. രാഹുലിന് പിന്നാലെ ക്രീസിലെത്തിയത് ക്രിസ് ഗെയ്ലാണ്.

സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്ത ഗെയ്ൽ തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ അഞ്ചാം ഓവറിൽ മൂന്നു ഫോറുകളും രണ്ടുസിക്സുകളുമുൾപ്പെടെ 26 റൺസാണ് നേടിയത്. ഇതോടെ പഞ്ചാബ് അഞ്ചോവറിൽ 50 കടന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ 29 റൺസെടുത്ത ഗെയ്ലിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കി പഞ്ചാബിന് തിരിച്ചടി നൽകി.

പിന്നാലെയെത്തിയ നിക്കോളാസ് പൂരൻ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങി. എന്നാൽ തൊട്ടടുത്ത പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച പൂരൻ കാരണം മായങ്ക് അഗർവാൾ റണ്ണൗട്ട് ആയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി.

മായങ്കിന് പുറകെ ക്രീസിലെത്തിയത് മാക്സ്വെൽ ആണ്. വീണ്ടും അനാവശ്യ റണ്ണിന് ശ്രമിച്ച പൂരൻ റൺഔട്ട് ആകുന്ന അവസ്ഥയുണ്ടായി. എന്നാൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിഴച്ചതോടെ പൂരൻ കഷ്ടിച്ച് രക്ഷപ്പെട്ടു.

പിന്നാലെ തകർപ്പൻ അടികളുമായി പൂരൻ റൺറേറ്റ് ഉയർത്തി. ഇതിനിടെ പൂരന്റെ ക്യാച്ച് ഋഷഭ് പന്ത് നഷ്ടപ്പെടുത്തി. പിന്നീട് ശ്രദ്ധിച്ച് കളിച്ച പൂരൻ പത്താം ഓവറിൽ പഞ്ചാബിന്റെ സ്കോർ 100 കടത്തി. പിന്നാലെ മാക്സ്വെല്ലിനൊപ്പം ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയർത്തി. 27 പന്തുകളിൽ നിന്നും അർധസെഞ്ചുറിയും പൂരൻ പൂർത്തിയാക്കി. എന്നാൽ തൊട്ടടുത്ത പന്തിൽ റബാദയ്ക്ക് വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം മടങ്ങി.

പൂരൻ മടങ്ങിയതോടെ മാക്സ്വെൽ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. നന്നായി കളിച്ച മാക്സ്വെൽ ഒടുവിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചുപുറത്തായി. 32 റൺസെടുത്ത താരം റബാദയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. പിന്നാലെ ഒത്തുചേർന്ന നീഷാമും ഹൂഡയും ചേർന്ന് പരിക്കുകളില്ലാതെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here