ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസിൽനിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവിൽ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here