ആലുവ:എറണാകുളം റൂറൽ ജില്ലാ പോലിസിൻറെ ഡോഗ് സ്ക്വാഡിലേക്ക് രണ്ടു പേർ കൂടി എത്തി, മാർലിയും ബെർട്ടിയും. ബിൻ ലാദനേയും ബാഗ്ദാദിയേയും പിടികൂടാൻ അമേരിക്കൻ സേനയെ സഹായിച്ചതിലൂടെ പ്രശസ്തി നേടിയ ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ടവളാണ് മാർലി. മോഷണം കൊലപാതകം തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തുന്ന ട്രാക്കർ വിഭാഗത്തിൽ പോലിസ് അക്കാദമയിൽ ഒമ്പതു മാസത്തെ പരിശീലനത്തിനു ശേഷമാണ് മാർലി റൂറൽ സ്ക്വാഡിൻറെ ഭാഗമാകുന്നതെന്ന് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് പറഞ്ഞു. മികച്ച പരിശീലനത്തിനു ശേഷം ഒന്നാം സ്ഥാനം നേടിയാണ് ഇവരുടെ രംഗപ്രവേശം.

സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ നേടിയ പരിശീലനവുമായാണ് ബീഗിൽ ഇനത്തിൽപ്പെട്ട ബെർട്ടി എത്തിയിരിക്കുന്നത്. എയർപ്പോർട്ടുകളിലും മറ്റും ഡ്യൂട്ടി ചെയ്യാൻ മിടുക്കിയാണ് ബെർട്ടി .ആദ്യമായാണ് ഇത്തരത്തിൽപ്പെട്ട നായകളെ കേരളാ പോലിസിൽ എടുക്കുന്നത്. പഞ്ചാബ് ഹോം ഗാർഡ് ഡിപ്പാർട്ടുമെൻറിൽനിന്നു മാണ് ഇവരെ വാങ്ങിയത്. സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സോമൻ പി, സിൽജൻ.വി.കെ, പ്രബിഷ് ശങ്കർ, വില്യം വർഗീസ് എന്നിവരാണ് ഇവരുടെ ഹാൻറ്ലർമാർ . ഇതോടെ കുറ്റകൃത്യം തെളിയിക്കുന്നതിനും, സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനും രണ്ട് നായകൾ വീതവും നിരോധിത ലഹരി വസ്തുക്കൾ കണ്ട് പിടിക്കുന്നതിന് ഒരു നായയും ഉൾപ്പടെ 5 നായകൾ എറണാകുളം റൂറൽ ജില്ലയിലെ ഡോഗ് സ്ക്വാഡിൽ അന്വേഷണ സഹായികളായുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here