BALAN AND DRIVER GOPI

ആലുവ: ആലുവ നഗരം ജനകീയ നേതാവിന് വിടനൽകി. പ്രമാദമായ ഡ്രൈവർ ഗോപി തിരോധാനം നാഗ്‌പൂരിലെത്തി തെളിയിച്ചതാണ് ബാലൻ ചേട്ടൻ എന്നറിയപ്പെടുന്ന ബാലസുബ്രമണ്യത്തിന് പൊൻതൂവൽ ആയത്. എംഎൽഎ യൊ കൗൺസിലറോ ആകാതെ ആലുവയിലെ നീറുന്ന വിഷയങ്ങളിൽ ഒരുപക്ഷെ അവരേക്കാളേറെ ഇടപെട്ട ജനകീയ നേതാവായിരുന്നു ബാലൻ ചേട്ടൻ.

ഒരു പ്രശ്‍നം ഏറ്റെടുത്താൽ അത് വിജയിക്കും വരെ പൊരുതുന്നതാണ് ശീലം. നഗരത്തിൻെറ നിരവധി വിഷയങ്ങളിൽ ഇടപെടുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്ത സാമൂഹ്യ പ്രവർത്തകനാണ് അദ്ദേഹം.

1991 സെപ്റ്റംബറിൽ നാഗ്പൂര് വച്ച് കൊല്ലപ്പെട്ട റെയിൽവേ ടാക്സി ഡ്രൈവർ ഗോപിയുടെ പ്രതികളെ മൂന്ന് പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിന് ശേഷം വെളിച്ചത്ത് കൊണ്ടുവന്നതാണ് ബാലസുബ്രമണ്യൻെറ ഏറ്റവും വലിയ നേട്ടം. അതിനായി ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വറിൽ നിരാഹാരം, പ്രതിഷേധ സമരങ്ങൾ, ദേശീയപാത തടയൽ എന്നീ സമരമാർഗ്ഗങ്ങൾ നടത്തി. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ള പ്രതികൾക്കെതിരെ നിൽക്കാൻ രാഷ്ട്രീയക്കാർക്ക് ഭയമായിരുന്നു.

കേസ് പിന്നീട് ഏറ്റെടുത്തെങ്കിലും പത്ത് വർഷം കഴിഞ്ഞ് 2001 ലാണ് സിബിഐ കോടതിയിൽ റിപ്പോർട് നൽകിയത്. ആലുവയിൽ നിന്ന് ടാക്സി ഓട്ടം വിളിച്ചു കൊണ്ടുപോയ പ്രതികൾ ഗോപിയെ കൊന്ന ശേഷം ചിഞ്ച് ഭുവൻ എന്ന ഒറ്റപ്പെട്ട സ്ഥലത്തെ കിണറ്റിൽ മൃതദ്ദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് തെളിഞ്ഞു. മരിച്ചു കിടക്കുന്ന ഒരു ബ്ലാക്ക് വൈറ്റ് ഫോട്ടോയുടേയും ഡിഎൻഎ ടെസ്റ്റുകളുടേയും സഹായത്തോടെയാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. നാഗ്പൂരിലെ ഫോട്ടോഗ്രാഫറെ കണ്ടെത്തിയാണ് ഫോട്ടോ ശേഖരിച്ചത്.

2011 ലാണ് ഡ്രൈവർ വധക്കേസിലെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടത്. സാമൂഹ്യ പ്രവർത്തകനും “നയാ ഘൂൻ ” പത്രാധിപരുമായിരുന്ന നാഗ്പൂർ സ്വദേശിയായ ഉമേഷ് ചൗബിൻറെ സഹായങ്ങളും ബാലൻചേട്ടൻ അവിടെയെത്തി നേടിയെടുത്തു. ഉമേഷിനെ ആലുവ റെയിൽവേ മൈതാനിയിൽ കൊണ്ടുവന്ന് പ്രതിഷേധ യോഗത്തിൽ പ്രസംഗിപ്പിക്കുകയും ചെയ്തു. ഡ്രൈവർ ഗോപിയുടെ മകൾ സ്മിതാ ഗോപി ആലുവ നഗരസഭയുടെ ചെയർപേഴ്സൺ ആയത് മറ്റൊരു ചരിത്രം.

ആലുവ നഗരത്തിൽ പ്രവേശിക്കുന്ന ബസുകൾ നഗരം ചുറ്റിയ ശേഷമേ മുനിസിപ്പൽ സ്റ്റാൻഡിൽ പ്രവേശിക്കാവൂയെന്ന ഗതാഗത നിയമം ആവിഷ്ക്കരിച്ചത് ബാലൻചേട്ടൻെറ സമരത്തെ തുടർന്നാണ്. 30 വർഷം മുമ്പാണത്.

അതു വരെ റെയിൽവേ സ്റ്റേഷന്‌ മുന്നിലുള്ള ബസ് സ്റ്റാൻഡിൽ നിന്നാണ് ബസുകൾ പുറപ്പെട്ടിരുന്നത്. ദേശീയ പാതയോട് ചേർന്ന് പുതിയ സ്റ്റാാൻഡ് വന്നപ്പോൾ ബസുകൾ നേരിട്ട് പ്രവേശിക്കുന്ന സംവിധാനമാണ് നടപ്പിലാക്കിയത്. ഇതിനെതിരെ നിരാഹാര സമരം ഒരു മാസം നീണ്ടു. അവസാനം ട്രാഫിക് പോലീസ് മുട്ടുമടക്കി. പ്രധാനമായും കാലടി, വരാപ്പുഴ, ഏലൂർ, എറണാകുളം ബസുകൾ ഇപ്രകാരം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ശേഷം നഗരം ചുറ്റിയാണ് അതാത് സ്ഥലങ്ങളിലേക്ക് പോകുന്നത്.

വലിയ മീശ ബാലൻചേട്ടൻെറ ട്രേഡ് മാർക്ക് ആയിരുന്നു. തയ്യൽ ഉപജീവന മാർഗ്ഗം ആയിരുന്ന ബാലൻെറ നിരീക്ഷണ പാടവവും ജനസ്വാധീനവും പോലീസ് പല കേസുകളിലും ഉപയോഗിച്ചിട്ടുണ്ട്. പോലീസ് ലുക്ക് അതിന് സഹായമായി. കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോഴും രഹസ്യഫയലുകളാണ്.

നഗരത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. സ്റ്റാലിയൻസ് ആദ്യകാല പ്രസിഡന്റ് ആയിരുന്നു. ജനങ്ങളിൽ ഭയം ഉണ്ടായിരുന്ന കാലത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാൻ പ്രയത്നിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുക സ എന്നീ ഇടതുപക്ഷ പോഷകസംഘടനകളിൽ സജീവ പ്രവർത്തകനായിരുന്ന ബാലൻറെ പ്രസംഗവും അവതരണ രീതിയും എല്ലാവർക്കും ഇഷ്ട്ടമായിരുന്നു. തമാശയിലൂടെ ഗൗരവമേറിയ വിഷയങ്ങൾ പറയുകയും അതിന് ജനപിന്തുണ നേടിയെടുക്കുന്നതും ഒരു ബാലൻ ശൈലി യായിരുന്നു. അഴിമതി, കെടു കാര്യസ്ഥത എന്നിവ ചൂണ്ടിക്കാട്ടാൻ വ്യക്തി ബന്ധങ്ങളോ രാഷ്ട്രീയ ബന്ധങ്ങളോ തടസ്സമായിരുന്നില്ല. അദ്ദേഹത്തിന്റെ അനുജൻ അധ്യാപകനായ ഗോപിയും ചേട്ടനെ പ്പോലെ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്ന ജനകീയൻ ആയിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല.

കുറേ നാൾ തോട്ടയ്ക്കായ്ട്ടുകരയിൽ താമസിച്ചശേഷം അടുത്തകാലത്താണ് ആലുവ സെൻറ് മേരീസ് സ്കൂളിന് മുന്നിലെ തറവാട് വളപ്പിലേക്ക് പുതിയ വീട് വച്ച് മാറുന്നത്. ഈ കഴിഞ്ഞ മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ വീട്ടിലെ കിടക്കയിൽ നിന്ന് വന്ന് ഓപ്പൺ വോട്ട് ചെയ്താണ് മടങ്ങുന്നത്. വോട്ട് കോൺഗ്രസ്സിനായി എന്നത് അദ്ദേഹത്തിൻറെ പ്രതിഷേധ നിലപാട് വ്യക്തമാകുന്നു.
(തയ്യാറാക്കിയത്: ബോബൻ ബി കിഴക്കേത്തറ)

LEAVE A REPLY

Please enter your comment!
Please enter your name here