തിരുവനന്തപുരം: പത്മശ്രീ ജേതാവും കേന്ദ്ര, കേരള സാഹിത്യ അക്കാദമി ജേതാവുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാടുള്ള സ്വവസതിയിൽ അൽപം മുൻപാണ് അന്ത്യം. അസുഖബാധിതനായി ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.

1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലില്‍ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി.

ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം,ബാലമണിയമ്മ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here