ആലുവ ജനസേവ ശിശുഭവന് ഒരു പൊന്‍തൂവലുമായി ജനസേവയിലെ ബിബിന്‍ അജയന്‍ സന്തോഷ് ട്രോഫി കേരള ടീമില്‍ ഇടംനേടി. 2008 ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്‌പോട്‌സ് അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിന്‍ ഫുട്‌ബോള്‍ കളി പഠിച്ചതും വളര്‍ന്നു വന്നതും. സ്‌കൂള്‍തലം തുടങ്ങി ഫുട്‌ബോളിനെ സ്‌നേഹിച്ച ബിബിന്‍ ഒന്നിലധികം തവണ ജില്ലാ സബ്ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും, സംസ്ഥാന ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ സന്തോഷ് ട്രോഫി താരംകുടിയായ സോളി സേവ്യറാണ് ജനസേവ സ്‌പോട്‌സ് അക്കാദമിയില്‍ കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ പരിശീലകനം നല്കുന്നത്. 2006 ല്‍ എട്ടു വയസുള്ളപ്പോഴാണ് ബിബിന്റെ സംരക്ഷണം ജനസേവ ഏറ്റെടുത്തത്. ജനസേവയുടെ തണലില്‍ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിലും, ആലുവ യൂ.സി. കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്വന്തമായി ഒരു ഭവനം എന്ന വലിയ സ്വപ്നസാക്ഷാത്കരണത്തിനുള്ള അവസരമായാണ് ബിബിന്‍ ഈ ടീം പ്രവേശനത്തെ കാണുന്നത്.
സാമൂഹ്യപ്രവര്‍ത്തകനും കായികപ്രേമിയുമായ ജോസ് മാവേലി തെരുവില്‍ അലയുന്ന കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി 1996 ലാണ് ജനസേവ ശിശുഭവനും അവരുടെ കായിക പ്രതിഭ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പിന്നീട് ജനസേവ സ്‌പോട്‌സ് അക്കാദമിയും ആരംഭിച്ചത്. ഭിക്ഷാടന മാഫിയയില്‍നിന്നും ജനസേവ വളരെ ചെറുപ്പത്തിലേ രക്ഷിച്ച് പരിപാലിച്ച് ഇപ്പോള്‍ ബാങ്കുദ്യോഗസ്ഥരായിത്തീര്‍ന്ന വേല്‍മുരുകനും രാജയും ബിബിന്‍ അജയന്റെ മുന്‍ഗാമികളാണ്. ഇതുപോലെ നിരവധി കുട്ടികള്‍ ജനസേവ സ്‌പോട്‌സ് അക്കാദമിയിലെ പരിശീലനം ലഭിച്ച് പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2018 ല്‍ സര്‍ക്കാര്‍ ജനസേവ ഏറ്റെടുക്കുന്നതുവരെ സ്‌കൂള്‍ തലത്തില്‍ എറണാകുളം ജില്ലയ്ക്കുവേണ്ടിയും സംസ്ഥാനത്തിനുവേണ്ടിയും പുരസ്‌കാരം നേടുന്ന എല്ലാ വിഭാഗം മത്സരങ്ങളിലും ജനസേവയിലെ കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.

സന്തോഷ് ട്രോഫി കേരളടീമില്‍ ഇടംനേടിയ ബിബിന്‍ അജയന്‍ ജനസേവ ബോയിസ്‌ഹോം ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനവേളയില്‍ ജോസ്മാവേലിയോടും മറ്റു കുട്ടികളോടുമൊപ്പം ഫയൽ ഫോട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here