ന്യൂഡൽഹി:സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാർ ചുമതലയേറ്റു. ജസ്റ്റിസ് സുധാൻഷു ധൂലിയയും ജസ്റ്റിസ് ജെ ബി പർദിവാലയും ആണ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുപ്രീംകോടതിക്ക് മുഴുവൻ അംഗസംഖ്യയോടെ പ്രവർത്തിക്കാനാകും.സുപ്രീംകോടതിയിൽ ആകെ 34 ജഡ്ജിമാരാണുള്ളത്. 2019ന് ശേഷം ഇതാദ്യമായാണ് സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ അംഗബലം പൂർണമാകുന്നത്

ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ് സുധാൻഷു ധൂലിയ സുപ്രീംകോടതിയിലേക്കെത്തിയത്. 1960 ഓഗസ്റ്റ് 10ന് ജനിച്ച ജസ്റ്റിസ് ധൂലിയ ഉത്തരാഖണ്ഡിൽ നിന്ന് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ്. മൂന്നു വർഷത്തിലേറെ കാലാവധി ജസ്റ്റിസ് ധൂലിക്ക് ബാക്കിയുണ്ട്.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നു ജംഷദ് ബുർജോർ പർദിവാല. സുപ്രീംകോടതി ജഡ്ജിയാകുന്ന നാലാമത്തെ പാർസി സമുദായ അംഗമാണ് ജസ്റ്റിസ് പർദിവാല. അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരാൾ സുപ്രീംകോടതിയിൽ ജഡ്ജിയാകുന്നത്. ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 1965 ഓഗസ്റ്റ് 12ന് ജനിച്ച ജെ.ബി.പർദിവാല 1990ൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നാണ് അഭിഭാഷകവൃത്തി തുടങ്ങുന്നത്.

അതേസമയം നിരവധി സുപ്രീംകോടതി ജഡ്ജിമാരാണ് അടുത്ത മാസങ്ങളിൽ വിരമിക്കാനിരിക്കുന്നത്.  ജസ്റ്റിസുമാരായ വിനീത്ശരണും എൽ നാഗേശ്വരറാവും ഈ മാസം 10, ജൂൺ ഏഴ് തിയതികളിൽ വിരമിക്കും. ജൂലൈ 29ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ പടിയിറങ്ങും.ചീഫ്ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഇന്ദിരാബാനർജി, ജസ്റ്റിസ് യു യു ലളിത് എന്നിവർ ആഗസ്ത്, സെപ്തംബർ, നവംബർ മാസങ്ങളിൽ വിരമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here