കൊച്ചി:അഞ്ച് വയസ്സുകാരൻ ധീരജിന് കരൾ പകുത്ത് നൽകി അറുപത്തിയൊന്ന് വയസ്സുകാരിയായ അമ്മൂമ്മ രാധാമണി
മാവേലിക്കര സ്വദേശികളായ ദിനുരാജ്, കവിത ദമ്പതികളുടെ മകൻ ധീരജിന് ജന്മനാ തന്നെ വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ‘ബിലിയറി അട്രീഷ്യ’ എന്ന ഗുരുതര കരൾ രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളം വിവിധ ചികിത്സാരീതികൾ പരീക്ഷിച്ചിട്ടും കുട്ടിയുടെ ആരോഗ്യനിലയിൽ ഒരു പുരോഗതിയും ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ മാസം ആരോഗ്യനില ഗുരുതരമായ കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിദഗ്ദ്ധൻ ഡോ. സിറിയക് അബി ഫിലിപ്സിന്റെ അടുത്ത് എത്തിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. രാമചന്ദ്രന്റെ കീഴിൽ ചികിത്സ തേടുകയും ചെയ്തു. ധീരജ് രാജഗിരി ആശുപത്രിയിൽ എത്തുമ്പോൾ ഗുരുതരമായ കരൾ രോഗം ബാധിച്ച് ശരീരമാസകലം നീര് വരുകയും, മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ കരളിന്റെ ഇരുപത് ശതമാനം മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കരൾ മാറ്റിവെയ്ക്കുകയല്ലാതെ കുട്ടിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ വേറെ മാർഗ്ഗമൊന്നുമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായ ധീരജിനായ് ഒരു യോജിച്ച ദാതാവിനെ കണ്ടുപിടിക്കുക എന്നതായിരുന്നു കുട്ടിയുടെ മാതാപിതാക്കൾക്കുണ്ടായ പ്രധാന വെല്ലുവിളി. തുടർന്ന് കുട്ടിയുടെ അമ്മൂമ്മ രാധാമണി സ്വന്തം പ്രായത്തെ പോലും അവഗണിച്ചുകൊണ്ട് കരൾ പകുത്ത് നൽകാൻ തയ്യാറാവുകയായിരുന്നു.
രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. രാമചന്ദ്രൻ നാരായണ മേനോന്റെ നേതൃത്വത്തിൽ നടത്തിയ കരൾ മാറ്റ ശസ്ത്രക്രിയ്ക്ക് ശേഷം ധീരജ് ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി.
കുട്ടികളിലെ ഗുരുതരമായ കരൾ രോഗങ്ങൾ കൃത്യസമയത്ത് കണ്ടെത്തുകയും കൃത്യമായ ചികിത്സ നൽകുകയും ചെയ്താൽ ഭാവിയിൽ അവർക്ക് ഏതൊരാളേയും പോലെ സാധാരണ ജീവിതം നയിക്കാൻ ആകുമെന്ന് ഡോ. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം മേധാവി ഡോ. രാമചന്ദ്രൻ നാരായണ മേനോൻ ഡോ. ജോസഫ് ജോർജ്ജ് , ഡോ. ജോൺസ് ഷാജി മാത്യൂ, ഡോ. ഗസ്നഫർ ഹുസൈൻ, ഡോ. ക്രിസ് തോമസ്, ഹെപ്പറ്റോളജി വിഭാഗം ഡോ. സിറിയക് അബി ഫിലിപ്സ്, അനസ്തേഷ്യാ വിഭാഗം ഡോ. സച്ചിൻ ജോർജ്ജ്, ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. ജോർജ്ജ് ജേക്കബ്ബ് മലയിൽ, പീഡിയാട്രിക് വിഭാഗം ഡോ. സെറീന മോഹൻ വർഗീസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here