അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം.

ഇതോടൊപ്പം അബുദാബിയുടെ 17-ാമത് ഭരണാധികാരിയായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചുമതലയേൽക്കും. 2004 മുതൽ അബുദാബി കിരീടാവകാശിയായും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായും സേവനമനുഷ്ടിച്ചു വരുന്ന ഷെയ്ഖ് ഖലീഫയുടെ അർദ്ധസഹോദരൻ കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്.

ഷെയ്ഖ് ഖലീഫ ആരോഗ്യപ്രശ്‌നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിന്റെ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പുതിയ പ്രസിഡൻറിന് എല്ലാ പിന്തുണയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here