പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ കലാപഭൂമിയായി പാകിസ്ഥാൻ. പ്രതികാരദാഹിയായ ഇമ്രാൻ അനുയായികൾ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തും ലാഹോർ കോർപ്സ് കമാൻഡറുടെ വീട്ടിലും അതിക്രമിച്ചു കയറി. ഇസ്ലമാബാദിൽ പലയിടങ്ങളിലും പ്രതിഷേധക്കാർ തീയിടുകയും കല്ലെറിയുകയും ചെയ്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 144 പ്രഖ്യാപിച്ചു.

പെഷവാറിലെ റേഡിയോ പാകിസ്ഥാൻ ഓഫീസിന് പിടിഐ അനുകൂലികൾ തീയിട്ടു. സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ സംഭവവികാസങ്ങൾ ഇന്ത്യൻ പ്രതിരോധ സേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സൈന്യം ശക്തമായ ജാഗ്രത പുലർത്തുന്നതായി  വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അൽ ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാൻ അറസ്റ്റിലായിരിക്കുന്നത്. സൈനിക ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയ ഇമ്രാന്റെ അനുയായികൾ ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറുകയും കല്ലെറിയുകയും ചെയ്തു.

കഴിഞ്ഞ വർഷം ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടതിന് ശേഷം, ഖാനെ നൂറിലധികം കേസുകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവിൽക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകൾ ഇമ്രാൻ നേരിടുന്നുണ്ട്. കേസുകളിൽ നിരവധി തവണ ചോദ്യംചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here