കൊല്ലം ബൈപ്പാസ്: ഭരണ-പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും തമ്മിലുള്ള ഉരസല്‍ തുടരുന്നു

0
9

പി.ഉദയകുമാര്‍
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി ഫെബ്രുവരിയില്‍ ഉദ്ഘാടനം പ്രഖ്യാപിക്കുകയും ഓര്‍ക്കാപ്പുറത്ത് ഈ 15ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യുന്ന കൊല്ലം ബൈപാസ് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും തമ്മിലുള്ള ഉരസല്‍ തുടരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിച്ച മുഖ്യമന്ത്രി സംഘിയാണോയെന്ന് ചോദിച്ചാണ് ഏറ്റവും ഒടുവില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. രംഗത്തുവന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചില്ലെന്നാണ് കേന്ദ്രം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സംഘിവല്‍കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനു വിളിച്ച മുഖ്യമന്ത്രി സംഘിയാണോയെന്നും അദ്ദേഹം ചോദിച്ചു. തന്റെ മണ്ഡലത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനത്തിനു വരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്നു പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയും എത്തുമെന്ന് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനു ക്ഷണിച്ചത് താനല്ലെന്നും താന്‍ ക്ഷണിച്ചതു വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയെയാണെന്നും എം.പി. പറഞ്ഞു.

ബൈപാസിന്റെ അവസാഘട്ട നിര്‍മാണത്തിനായി പലതും ചെയ്ത മുന്‍ എം.പി. എന്‍. പീതാംബരക്കുറുപ്പിനെ ബോധപൂര്‍വം ചിലര്‍ വിസ്മരിക്കുന്നതായും ആരോപണമുണ്ട്. പീതാംബരക്കുറുപ്പിന്റെ ശ്രമഫലമായാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പകുതി ചെലവു വഹിക്കാമെന്നു സമ്മതിച്ചതെന്നും കേന്ദ്രം അത് അംഗീകരിച്ചതെന്നും തുടര്‍ന്നുവന്ന എന്‍.കെ. പ്രേമചന്ദ്രന് കൂടുതലായൊന്നും ചെയ്യേണ്ടിവന്നില്ലെന്നും ഭരണപക്ഷത്തെ ചിലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ പ്രേമചന്ദ്രനെ തേജോവധം ചെയ്യാനുള്ള സി.പി. എം. നീക്കം അപഹാസ്യമെന്നാണ് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍ പറഞ്ഞത്. കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി എന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന ഭാഗ്യം നഷ്ടപ്പെട്ടതിന് പ്രേമചന്ദ്രനെ തേജോവധം ചെയ്തിട്ടു കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. ബൈപാസ് ഉദ്ഘാടനം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി താല്‍പര്യപ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തുവെന്നാണു വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറയുന്നതെന്നും ബൈപാസിന്റെ പൂര്‍ത്തീകരണത്തിന് ആരൊക്കെ എന്തൊക്കെ ചെയ്തുവെന്നു ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി ക്കെതിരെ സി.പി.എം. പടച്ചുവിടുന്ന കള്ളപ്രചാരണം കൊല്ലത്തു വിലപ്പോവില്ലെന്ന് കെ.പി.സി.സി. സെക്രട്ടറി എ. ഷാനവാസ്ഖാനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here