താരമായി ചൈത്ര; എഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ; കടുത്ത നടപടി വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം;പൊലീസില്‍ അതൃപ്തി; സര്‍ക്കാര്‍ ഊരാക്കുടുക്കില്‍

0
13

തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ നടത്തിയ ആഭ്യന്തരഅന്വേഷണ റിപ്പോര്‍ട്ട് എ ഡി ജി പി മനോജ് എബ്രഹാം നാളെ ഡിജിപിക്ക് നല്‍കും. സി പി എം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണംനടന്നത്. ചൈത്ര തന്റെ വിശദീകരണം എഡിജിപിക്ക് നല്‍കി. സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കി. കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമാണ് പരിശോധനയെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ഈ സംഭവത്തില്‍ ചൈത്രക്കെതിരെ കടുത്ത ശുപാര്‍ശകള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ അപമാനിക്കാനായി അനാവശ്യമായി ഓഫീസില്‍ കയറിയെന്ന് കാണിച്ചായിരുന്നു സിപിഎം പരാതി നല്‍കിയത്. പരാതിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. ഇത് തന്നെ ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ട്െടുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇല്ലാതയായിരുന്നു പരിശോധനയെന്ന് വരുത്താനും പാര്‍ട്ടി നീക്കം തുടങ്ങിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ പാര്‍ട്ടി ഒളിപ്പിച്ചിട്ടില്ലെന്ന് വരുത്തനാണ് ശ്രമം.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനായാണ് തിരുവനന്തപുരം സിറ്റി ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പരിശോധിച്ചത്. പൊലീസിന്റെ നിയമപരമായ അധികാരമാണ് ചൈത്ര ഉപയോഗിച്ചതെങ്കിലും അച്ചടക്കനടപടിക്ക് വഴി ഒരുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. കോടതി ഉത്തരവില്ലാതെ അനാവശ്യമായി പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധിച്ചെന്നും പ്രതികളെ സിപിഎം ഒളിപ്പിക്കുന്നൂവെന്ന് വരുത്തി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ചൈത്രയുടെ ലക്ഷ്യമെന്നുമാണാണ് സിപിഎം പരാതി.

നിയമസാധുതയില്ലാത്ത പരാതിയായിട്ട് കൂടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ് തല അന്വേഷണവും തുടങ്ങിയത് പാര്‍ട്ടിക്കാരെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. ചൈത്രയുടെ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മുഖ്യപ്രതിയുടെ വീട്ടിലെത്തിയെന്നും, പ്രതി പാര്‍ട്ടി ഓഫീസിലുണ്ടാകുമെന്ന് പ്രതിയുടെ അമ്മ പറഞ്ഞത് വിശ്വസിച്ചാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറിയതെന്നുമാണ് പുതിയ വിശദീകരണം. ചൈത്ര ഇത് സമ്മതിച്ചതായും വാദിക്കുന്നുണ്ട്. വകുപ്പ്തല അന്വേഷണത്തില്‍ ഇത്തരം റിപ്പോര്‍ട്ട് വന്നാല്‍ പ്രതിയുടെ ബന്ധുവിന്റെ വാക്ക് വിശ്വസിച്ചുള്ള അനാവശ്യനടപടിയെന്ന് വരുത്തി തുടര്‍നടപടിക്കാണ് സിപിഎമ്മിന്റെ നീക്കം.

കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. എന്നാല്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കുന്നതില്‍ പൊലീസ് സേനക്ക് കടുത്ത അതൃപ്തിയുണ്ട്. ഡിജിപി വിശദീകരണം ചോദിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിക്കുകയും ചെയ്ത ശേഷമാണ് സംഭവത്തില്‍ അന്വേഷണം നടക്കുന്നത്. താന്‍ ചെയ്തത് കൃത്യനിവ്വഹണം മാത്രമാമെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാല്‍ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാകുമെന്നാണ് പൊലീസ് സേനയിലെ പൊതുവികാരം.

പൊലീസ് സേനക്കകത്ത് മാത്രമല്ല ചൈത്ര തെരേസ ജോണിനെതിരായ നീക്കങ്ങള്‍ പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയാണ്. കടുത്ത നടപടിക്ക് മുതിര്‍ന്നാല്‍ അത് സര്‍ക്കാറിനും ഭരണകക്ഷിയായ സിപിഎമ്മിനും എതിരായ വികാരം ശക്തമാക്കുമെന്ന വിലയിരുത്തലും ഉണ്ട്

തിരുവനന്തപുരം മെഡിക്കല്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്.

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസില്‍ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here