അച്ചാണി രവിയില്‍ നിന്നും ജനറല്‍ പിക്‌ചേഴ്‌സ് ഉടമയിലേക്കുള്ള വളര്‍ച്ച

0
164

സി എന്‍ പ്രേമന്‍

കൊല്ലം: പാരമ്പര്യമായി ലഭിച്ച കശുവണ്ടി ഫാക്ടറികളില്‍ അക്ഷീണമായ സംഘബലത്താലും സ്വപ്രയത്‌നത്താലും എല്ലാവരുടെയും ആദരണീയനായി മാറിയ വ്യക്തിയായിരുന്നു രവീന്ദ്രനാഥന്‍നായര്‍. കച്ചവടസിനിമകള്‍ വെറും ലാഭം മാത്രം മുന്നില്‍ കണ്ട് ഒരേ അച്ചില്‍ ചുട്ടെടുത്ത അപ്പങ്ങള്‍ പോലെ തുടരെ തുടരെ വന്നുകൊണ്ടിരുന്ന നാല് പതിറ്റാണ്ട് മുമ്പ് മലയാള സിനിമ കണ്ട് ഏറ്റവും മികച്ച സ്വോദ്ദേശസിനിമകളില്‍ പ്രമുഖ സ്ഥാനത്തുളളതാണ് അച്ചാണി എന്ന സിനിമ. ഈ സിനിമയിലൂടെ കൊല്ലംകാരുടെ പ്രിയപ്പെട്ട രവി മുതലാളി അച്ചാണി രവിയായി മാറി.
ഈ സിനിമയുടെ വന്‍ വിജയത്തില്‍ നിന്നും സമാഹരിച്ച പണത്തിന്റെ ഒരിക്കലും മരിക്കാത്ത സ്മാരകമാണ് കൊല്ലം നഗരത്തിന്റെ അക്ഷരവേദിയായ പബ്ലിക് ലൈബ്രറിയും കലാ-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങളുടെ സംഗമഭൂമിയായ സരസ്വതി ഹാളും, അനശ്വരശില്‍പ്പിയും ചിത്രകാരനുമായ ശ്രീ. എം. വി ദേവന്‍ രൂപകല്‍പ്പന ചെയ്ത കലാചാരുതയുടെ നിത്യസ്മാരകമായ സോപാനം തീയേറ്ററും. 70 കളില്‍ നവസിനിമാ പ്രസ്ഥാനത്തിന് വഴി വെട്ടിതെളിച്ച സവിശേഷപ്രതിഭയായ അരവിന്ദനെ ചങ്ങാതിയായി കണ്ട് രവീന്ദ്രനാഥന്‍നായര്‍ സംഘടിപ്പിച്ച സിനിമാനിര്‍മ്മാണ കമ്പനിയായിരുന്നു ജനറല്‍ പിക്‌ച്ചേഴ്‌സ്. ദേശദേശാന്തരങ്ങളില്‍ വിജയക്കൊടി പാറിച്ച കാലാതിവര്‍ത്തിയായ തമ്പ് എന്ന സിനിമായിരുന്നു ഇവരുടെ ആദ്യ സംരംഭം. ഒട്ടേറെ അഭിനയപ്രതിഭകളുടെ വരവ് അറിയിച്ച തമ്പ് എന്ന സിനിമയിലൂടെയാണ് നെടുമുടി വേണു, വി.കെ. ശ്രീരാമന്‍, ഞെരളത്ത് രാമപൊതുവാള്‍, ജലജ എന്നിവരുടെ അരങ്ങേറ്റം.
ഇതില്‍ സര്‍ക്കസ് കമ്പനി മാനേജരായി വേഷമിട്ട ഗോപി എന്ന എക്കാലത്തെയും മികച്ച നടന്‍ കൊടിയേറ്റം എന്ന സിനിമയിലൂടെ ഇതിനോടകം തന്നെ ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നല്ലോ. യഥാര്‍ത്ഥമായ ക്യാമറാ ഭാഷ കൊണ്ട് സമ്പന്നനായ ഷാജിയുടെ ക്യാമറാ വര്‍ക്ക് ഈ സിനിമയുടെ വിജയത്തിന് വഹിച്ച പങ്ക് നിസ്തൂലമാണ്. രവീന്ദ്രന്‍നായരുടെ പ്രിയപത്‌നി ഉഷാരവി ഈ സിനിമയ്ക്ക് വേണ്ടി ആലപിച്ച ഗാനം അനശ്വരഗാനങ്ങളുടെ ഗണത്തില്‍പ്പെടുന്നു. പിന്നീട് വന്ന അരവിന്ദന്‍ സിനിമകളായ കാഞ്ചനസീത, എസ്തപ്പാന്‍, കുമ്മാട്ടി, പോക്കുവെയില്‍ എന്നീ സിനിമകള്‍ ഇവരുടെ കൂട്ടായ്മയില്‍ പിറന്നതും രാജ്യാന്തരചലച്ചിത്രമേളകളില്‍ മലയാള സിനിമയുടെ നിസ്തൂലമായ വളര്‍ച്ച വിളിച്ചോതുന്നവയായിരുന്നു.
ഇതിനകം മലയാള സിനിമയ്ക്ക് സ്വയംവരം നല്‍കി കൊടിയേറ്റത്തിലൂടെ സര്‍വ്വദേശീയ പ്രശസ്തനായ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനും രവീന്ദ്രനാഥന്‍നായരും പരസ്പരം കൈക്കോര്‍ത്തപ്പോള്‍ പിറന്ന ശ്രേഷ്ഠ ചിത്രങ്ങളാണ് എലിപ്പത്തായം, അനന്തരം, മുഖാമുഖം, വിധേയന്‍ എന്നിവ. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ ശ്യാമപ്രസാദ് എന്ന യുവാവിന് രവീന്ദ്രനാഥന്‍ നായര്‍ നല്‍കിയ കണിക്കൊന്നയാണ് അഗ്നിസാക്ഷി എന്ന മഹല്‍ ചിത്രം. തന്റെ വിഖ്യാതരചനയായ മഞ്ഞ് എന്ന നോവലിനെ എം.ടി. വാസുദേവന്‍നായരെ കൊണ്ട് സംവിധാനം ചെയ്യിപ്പിച്ച സിനിമയുടെ നിര്‍മ്മാതാവും ജനറല്‍ പിക്‌ച്ചേഴ്‌സ് രവി തന്നെയായിരുന്നു.90 കളുടെ പകുതി വരെയും നല്ല സിനിമകളുടെ സംഘാടനത്തില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന രവീന്ദ്രനാഥന്‍ നായര്‍ എന്തുകൊണ്ടോ സിനിമാനിര്‍മ്മാണ രംഗത്ത് നിന്നും പിന്‍മാറി.
ഇതാണ് രവീന്ദ്രനാഥന്‍ നായര്‍ എന്ന അതീവശ്രേഷ്ഠവ്യക്തിത്വത്തിന്റെ 50 വര്‍ഷം നീണ്ട സിനിമാ ചരിത്രം. രവീന്ദ്രന്‍നാഥന്‍നായരുടെ സ്വഗൃഹമായ കൊല്ലം കൊച്ചുപിലാമൂട്ടിലെ നാണി നിലയത്തിലായിരുന്നു ഇന്നലെ നടന്ന അദരിക്കല്‍ ചടങ്ങ്. രാവിലെ 11 മണിക്ക് തുടങ്ങിയ സ്വീകരണയോഗത്തില്‍ എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ ആയിരുന്നു അദ്ധ്യക്ഷന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥികളില്‍ ഒരാളായിരുന്നു. താന്‍ ജ്യേഷ്ഠതുല്യമായി സ്ഥാനത്ത് കാണുന്ന രവീന്ദ്രന്‍നാഥന്‍നായര്‍ എന്ന വ്യക്തിയെ കുറിച്ചും ജനറല്‍ പിക്‌ച്ചേഴ്‌സ് രവി എന്ന തന്റെ സിനിമകളുടെ നിര്‍മ്മാതാവിനെകുറിച്ചുമുളള നേര്‍ അനുഭവങ്ങള്‍ കൃത്യമായ ഭാഷയില്‍ വിവരിച്ചത് നിറഞ്ഞ സദസ്സ് വര്‍ദ്ധിച്ച ഉന്മാദത്തോടെയാണ് കേട്ടിരുന്നത്.
അന്തര്‍ദേശീയ പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രവിയേട്ടനുമായുളള തന്റെ മൂന്നരപതിറ്റാണ്ട് നീണ്ട ജീവിതബന്ധത്തെകുറിച്ച് വരച്ച വാഗ്മേയ ചിത്രങ്ങള്‍ വേദിയിലുണ്ടായിരുന്ന പ്രൗഢഗംഭീരമായ സദസ്സ് ഒരിക്കലും മറക്കുകയില്ല. മേയര്‍ അഡ്വ. രാജേന്ദ്രബാബു,
മുന്‍ മന്ത്രി സി.വി. പത്മരാജന്‍ തുടങ്ങിയവര്‍ രവീന്ദ്രനാഥന്‍നായരെ ആദരിച്ച് സംസാരിക്കുകയുണ്ടായി. ക്ഷീണിതനെങ്കിലും തന്റെ പതറാത്ത ശബ്ദത്തില്‍ എല്ലാവര്‍ക്കും എല്ലാത്തിനും രവീന്ദ്രന്‍നാഥന്‍നായര്‍ നന്ദി പറഞ്ഞു. രവീന്ദ്രന്‍നാഥന്‍നായരുടെ ജീവിതത്തെ ആസ്പദമാക്കി ബിജു തിരുമുല്ലവാരം സംവിധാനം ചെയ്ത രവി കലയും ജീവിതവും എന്ന ഡോക്യുമന്ററിയെ പ്രകീര്‍ത്തിച്ചുകൊണ്ട് സംവിധായകന്‍ ബിജുവിനെ എം.പി എന്‍.കെ. പ്രേമചന്ദ്രനും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് വേദിയില്‍ പൊന്നാട അണിയിച്ച് ആദരിക്കുയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here