ഏഴുവയസുകാരന്റെ അമ്മയ്‌ക്കെതിരെയും കേസെടുത്തേക്കും; നടപടി മര്‍ദനവിവരം മറച്ചുവെച്ചതിന്; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

0
6

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തിനിരയായ ഏഴ് വയസ്‌കാരന്റെ അമ്മയ്‌ക്കെതിരെയും കേസെടുക്കുമെന്ന് സൂചന. മര്‍ദന വിവരം മറച്ചു വച്ചതിനാണ് നടപടി. മര്‍ദനത്തിന് കൂട്ടുനിന്നതിനും കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ക്കും. ഇവരുടെ ഇളയകുട്ടിയുടെ സംരക്ഷണ കാര്യത്തിലും ആശങ്ക തുടരുകയാണ്. അമ്മയുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിക്കരുതെന്ന് ശിശു സംരക്ഷണ സമിതി അറിയിച്ചു.

അതേസമയം കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും അതീവഗുരുതരമായി തുടരുകയാണ്. വെന്റിലേറ്റര്‍ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിയ്ക്ക് ഇന്ന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കും. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് നിരന്തരം മര്‍ദിച്ചിരുന്നതായാണ് ഇളയസഹോദരന്‍ നല്‍കിയിരിക്കുന്ന മൊഴി. മൂന്നര വയസുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകളുണ്ട്. കുട്ടികള്‍ ഇത്രയേറെ മര്‍ദനമേറ്റിട്ടും പൊലീസിനെയോ ചൈല്‍ഡ് ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് അമ്മയ്ക്ക് എതിരെ കേസെടുക്കാനുള്ള സാധ്യത തെളിയുന്നത്. മര്‍ദനം നടന്ന ബുധനാഴ്ച അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് അമ്മയും സുഹൃത്ത് അരുണും വീട്ടിലെത്തുന്നത്.

കുട്ടികളെ തനിച്ചാക്കി രാത്രി തൊടുപുഴയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, പൊലീസ് ഇത് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. കടുത്ത മദ്യലഹരിയില്‍ തിരിച്ചെത്തിയ അരുണും യുവതിയും രാത്രി എവിടെയായിരുന്നു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രൂരമര്‍ദനം പുറത്തറിയിക്കാത്തതിനൊപ്പം കുട്ടികളെ ഉത്തരവാദിത്തമില്ലാതെ തനിച്ചാക്കി പോകുന്ന ശീലമുള്ള അമ്മയെ ഇളയകുട്ടിയുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിലെ ആശങ്കയും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അധികൃതരോട് പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here